ത്രിവേണി സംഗമത്തിൽ തൂക്കുപാലം നിർമിക്കണം
1394685
Thursday, February 22, 2024 4:10 AM IST
മൂവാറ്റുപുഴ : ത്രിവേണി സംഗമ വേദിയായ ചന്തക്കടവിനേയും, കിഴക്കേക്കര, പുഴക്കരകാവ് കടവുകളേയും ബന്ധപെടുത്തി തൂക്കുപാലം നിർമിക്കണമെന്ന ആവശ്യം ശക്തം. മൂവാറ്റുപുഴയാറിന്റേയും കോതമംഗലം, തൊടുപുഴ ആറുകളുടേയും സംഗമ വേദിയായ ത്രിവേണി സംഗമത്തിൽ മൂന്ന് കരകളേയും ബന്ധിപ്പിച്ച് തൂക്കുപാലം നിർമിക്കണമെന്ന ആവശ്യത്തിന് മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഈ ആവശ്യമാണ് വീണ്ടും ശക്തമായത്.
വ്യാപാര കേന്ദ്രമായ കാവുങ്കരയിലെ ചന്തക്കടവിൽ നിന്ന് കിഴക്കേക്കരയ്ക്ക് കോണ്ക്രീറ്റ് പാലം നിർമിക്കാനാവില്ലെന്ന് വന്നതോടെയാണ് തൂക്കുപാലമെന്ന ആവശ്യം ഉയർന്നത്. ത്രിവേണി സംഗമത്തിൽ കോണ്ക്രീറ്റ് പാലം നിർമിക്കാനാവില്ലെന്ന് വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. എന്നാൽ തൂക്കുപാലം എന്ന ആവശ്യവും നടന്നില്ല.
പിന്നീട് കിഴക്കേക്കരയെ ബന്ധിപ്പിച്ച് ചന്തക്കടവിന് മുകളിൽ ചാലിക്കടവിൽ കോണ്ക്രീറ്റ് പാലം യാഥാർഥ്യമാകുകയും ചെയ്തു. ജോസഫ് വാഴയ്ക്കൻ എംഎൽഎയായിരുന്നപ്പോൾ പുഴയോര നടപാതയ്ക്കൊപ്പം തൂക്കുപാലവും നിർമിയ്ക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പായില്ല.
ഇതിനിടെ നഗരസഭ, കേന്ദ്ര സർക്കാർ സഹായത്തോടെ ലതാ പാലത്തിന് സമീപം ഡ്രീം ലാന്റഡ് പാർക്കും പേട്ടയുമായി ബന്ധപ്പെടുത്തി തൊടുപുഴ ആറിന് കുറുകേ തൂക്കുപാലവും നിർമിക്കാൻ നടപടികൾ പൂർത്തിയാക്കി.
ഇതോടെയാണ് ത്രിവേണി സംഗമത്തിൽ മൂന്നു കരകളെ ബന്ധപ്പെടുത്തി തൂക്കുപാലം നിർമിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്.