മഴ ശക്തം; ജില്ലയിൽ ഇന്നും യെല്ലോ അലര്‍ട്ട്
1339401
Saturday, September 30, 2023 1:51 AM IST
കൊച്ചി: ഇരട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ആരംഭിച്ച മഴ ജില്ലയില്‍ ശക്തം. ഇന്നലെ പുലര്‍ച്ചെ ആരംഭിച്ച മഴ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കൂടുതല്‍ ശക്തമായി. കൊച്ചി നഗരം ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
കൂത്താട്ടുകുളം ഇലഞ്ഞിയില്‍ ഒരു വീട് ഇടിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് പത്താം വാര്‍ഡിലെ മില്ലുമ്പടി, ചെറെക്കുളം ഭാഗം കുഴികണ്ടത്തില്‍ ദേവസ്യ ജോസഫിന്റെ വീടാണ് ഭാഗികമായി ഇടിഞ്ഞത്. വീടിനുള്ളില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. അടുക്കള ഭാഗത്തെ ഭിത്തിയാണ് തകര്‍ന്നത്. ഗാര്‍ഹിക ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.
കൂടാതെ പള്ളിക്കര പെരിങ്ങാലയില്‍ മതില് ഇടിഞ്ഞു വീഴുകയും, മൂവാറ്റുപുഴ പായിപ്രയില്‍ റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോവുകയും ചെയ്തു. റോഡുകളില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് വന്‍ ഗതാഗതക്കുരുക്കുകള്‍ രൂപപ്പെട്ടു.
പെരിയാറില്‍ ജലനിരപ്പ് സാധാരണ നിലയിലായിരുന്നു. തീരദേശമേഖലകളിലും മഴക്കെടുതികൾ ഇന്നലെയുണ്ടായില്ല.ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം
ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അറിയിച്ചു.