ശുദ്ധജലം കിട്ടാതെ കോട്ടുവള്ളിക്കാർ; 70ഓളം കുടുംബങ്ങൾ ദുരിതത്തിൽ
1338184
Monday, September 25, 2023 2:26 AM IST
വരാപ്പുഴ: കോട്ടുവള്ളി പഞ്ചായത്തിൽ ഒരാഴ്ചയിലേറെയായി ശുദ്ധജലം ലഭിക്കാത്തതിനെത്തുടർന്ന് 70 ഓളം കുടുംബങ്ങൾ ദുരിതത്തിൽ. കോട്ടുവള്ളി പഞ്ചായത്തിലെ ചെറിയപ്പിള്ളി തുരുത്ത് മേഖലയിൽ താമസിക്കുന്ന കുടുംബങ്ങളാണ് ശുദ്ധജലം ലഭിക്കാത്തതിനെതുടർന്നു ദുരിതത്തിലായത്.
വെള്ളം കിട്ടാതായതോടെ ദൂരെയുള്ള വീടുകളിലെ കിണറുകളിൽനിന്നു ദൈനംദിന ആവശ്യങ്ങൾക്കായി വെള്ളമെത്തിച്ച് ഉപയോഗിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നു ദുരിതബാധിതർ പറയുന്നു.
ഒട്ടേറെത്തവണ പറവൂർ ജല അഥോറിറ്റി അധികൃതരോടു പരാതിപ്പെട്ടിട്ടും പ്രശ്നത്തിനു ശാശ്വത പരിഹാരമായിട്ടില്ല. ടാങ്കറിൽ വെള്ളമെത്തിക്കാൻ പോലും അധികൃതർ തയാറാകുന്നില്ലെന്നു കുടുംബങ്ങൾ കുറ്റപ്പെടുത്തി. ചിലപ്പോൾ നേരം പുലരും മുന്പേ പൈപ്പിൻ ചുവട്ടിൽ കാത്തുനിന്നാലാണു നൂലുപോലെ കുറച്ചെങ്കിലും വെള്ളമെത്തുന്നത്. ഇതു ഭക്ഷണം പാകം ചെയ്യാൻ പോലും തികയാറില്ല.
പറവൂർ വാട്ടർ ടാങ്കിൽ നിന്നാണു കോട്ടുവള്ളിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും ശുദ്ധജല വിതരണം നടക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി പലയിടത്തും കൃത്യമായി ശുദ്ധജലം ലഭിച്ചിട്ട്. വിളിച്ചു പരാതി പറഞ്ഞാൽ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുന്ന സമീപനമാണുള്ളതെന്ന് പരാതിയുണ്ട്.
ചെറിയപ്പിള്ളി തുരുത്തു നിവാസികൾക്കും ജലം കിട്ടാക്കനിയാണ്. ഇനിയും ഈ അവസ്ഥ തുടർന്നാൽ ജനങ്ങളുടെ അവസ്ഥ കൂടുതൽ പരിതാപകരമാകും. എത്രയും വേഗം പ്രശ്നത്തിനു പരിഹാരം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി രംഗത്തുവരുമെന്നു കുടുംബങ്ങൾ പറഞ്ഞു.