പാറക്കൂട്ടങ്ങൾക്കു താഴെ ഭീതിയോടെ മുതുകല്ല് ലക്ഷംവീട് കോളനി നിവാസികൾ
1338177
Monday, September 25, 2023 2:14 AM IST
വാഴക്കുളം: ആരക്കുഴ പഞ്ചായത്തിലെ മുതുകല്ല് ലക്ഷംവീട് കോളനിയിലെ 15ഓളം കുടുംബങ്ങൾ ഭീതിയിൽ. ചെങ്കുത്തായി കിടക്കുന്ന കോളനിക്ക് മുകളിൽ ഭീഷണിയായി നിൽക്കുന്ന നിരവധി ഉരുളൻ പാറക്കൂട്ടങ്ങളും നിരന്തരമായ മണ്ണിടിച്ചിലുമാണ് കോളനി നിവാസികളെ ഭീതിയിലാഴ്ത്തുന്നത്.
കോളനിയുടെ മുകൾഭാഗത്തുള്ള സർക്കാർ പുറന്പോക്ക് കാടുകയറി കിടക്കുകയാണ്. ഇവിടെയാണ് അപകട ഭീഷണി ഉയർത്തുന്ന പാറകൾ സ്ഥിതിചെയ്യുന്നത്.
ഈ പാറക്കെട്ടുകൾക്ക് മുകളിലാണ് ഒരു വർഷം മുൻപ് ജില്ലാ പഞ്ചായത്ത് 45 ലക്ഷം മുടക്കി നിർമിച്ച കുടിവെള്ള പദ്ധതിയുടെ രണ്ട് ജലസംഭരണികളും സ്ഥാപിച്ചിരിക്കുന്നത്. മണ്ണിടിയുകയും പാറകൾ നിലം പതിക്കുകയും ചെയ്താൽ ജലസംഭരണികൾ തകരും. ഇത് വൻ ദുരന്തത്തിനു വഴിയൊരുക്കുമെന്ന ആശങ്കയിലാണ് ഇവർ ഓരോ നിമിഷവും തള്ളിനീക്കുന്നത്.
ഒന്നര വർഷം മുൻപ് ആറൂർ ലക്ഷം വീട് കോളനിക്കു മുകളിലെ മലയിൽനിന്ന് വൻ പാറക്കല്ലുകൾ ഉരുണ്ടുവീണെങ്കിലും മരങ്ങളിൽ തട്ടി നിന്നതു മൂലം തലനാരിഴയ്ക്ക് അപകടം ഒഴിവാകുകയായിരുന്നു. എന്നാൽ വീടുകൾക്ക് തൊട്ടുമുകളിലാണ് മുതുകല്ലിൽ പാറക്കല്ലുകൾ സ്ഥിതി ചെയ്യുന്നത്.
ജലസംഭരണികൾക്കും, ഭീഷണി ഉയർത്തുന്ന ഉരുളൻ കല്ലുകൾക്കും നേരെ താഴെയാണ് ചാവുഞ്ചിറ പുത്തൻപുരയിൽ ലീല രാജൻ, വാരികുന്നേൽ ഏലിക്കുട്ടി രാമു, മൂശാരിക്കരോട്ട് ലീല കുഞ്ഞപ്പൻ, മുടവുമറ്റത്തിൽ അയ്യപ്പൻ എന്നിവരുടെ വീടുകൾ. മിക്കവാറും വീടുകളുടെ മേൽഭാഗത്തുള്ള തിട്ടകൾ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.
അപകട ഭീഷണിയിലായ തരമാരിയിൽ ഷീലയുടെ വീടിന്റെ പിന്നിലുള്ള മണ്ണിടിഞ്ഞ ഭാഗം കെട്ടി സുരക്ഷിതമാക്കി നൽകാമെന്ന് 2019ൽ അധികാരികൾ ഉറപ്പു നൽകിയിരുന്നെങ്കിലും ഇതുവരെ ചെയ്തിട്ടില്ല. കോളനിയുടെ മുകൾഭാഗത്ത് വീടിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റുകളും ചരിഞ്ഞു നിൽക്കുന്ന അവസ്ഥയാണ്.