കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ അന്താരാഷ്ട്ര സുറിയാനി സിന്പോസിയം
1335302
Wednesday, September 13, 2023 2:31 AM IST
കോതമംഗലം: തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ അന്താരാഷ്ട്ര സുറിയാനി സിന്പോസിയം സംഘടിപ്പിച്ചു.
പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 338-ാം ഓർമപ്പെരുന്നാളിനോടനുബന്ധിച്ചായിരുന്നു സിന്പോസിയം. മലങ്കര സിറിയൻ ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി (എംഎസ്ഒടി) റെസിഡന്റ് മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലം മാർത്തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അധ്യക്ഷത വഹിച്ചു.
ഫ്രാൻസ്, അമേരിക്ക, സ്വിറ്റ്സർലൻഡ്, ബ്രിട്ടൻ, ജർമനി, ഇറ്റലി, പോളണ്ട്, സ്വീഡൻ, ചൈന, ലബനോൻ എന്നീ രാജ്യങ്ങളിൽ നിന്നായി 30 പ്രതിനിധികൾ സിന്പോസിയത്തിൽ പങ്കെടുത്തു. പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവ സുറിയാനി ഭാഷയിൽ അഗാധ പണ്ഡിതനായിരുന്നുവെന്ന് പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
മൂന്നു വർഷത്തിലൊരിക്കൽ സിന്പോസിയം കേരളത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. മാർത്തോമ ചെറിയ പള്ളി സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ, പള്ളി ട്രസ്റ്റിമാരായ സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി തോമസ് മണ്ണൻചേരി എന്നിവർ പ്രസംഗിച്ചു.