മക്കളെ കൊലപ്പെടുത്തിയശേഷം ദന്പതികൾ തൂങ്ങിമരിച്ചനിലയിൽ
1335293
Wednesday, September 13, 2023 2:31 AM IST
വരാപ്പുഴ : രണ്ടു മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ. വരാപ്പുഴ വലിയ കടമക്കുടി മാടശേരി വീട്ടിൽ നിജോ (39), ഭാര്യ ശില്പ (29) മക്കളായ ഏയ്ബൽ (എട്ട്), ആരോൺ (ആറ്) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നിർമാണ തൊഴിലാളിയും ഡിസൈനറുമായ നിജോയെ അന്വേഷിച്ച് കൂടെ ജോലി ചെയ്യുന്നയാൾ ഇന്നലെ രാവിലെ ഇവർ താമസിക്കുന്ന വീടിന്റെ മുകൾനിലയിലെത്തി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
ഇതോടെ ഇയാൾ താഴത്തെ നിലയിലുള്ള നിജോയുടെ അമ്മയെയും സഹോദരനെയും കണ്ട് വാതിൽ തുറക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. അമ്മയും സഹോദരനുമെത്തി വാതിലിൽ മുട്ടിയെങ്കിലും തുറക്കാത്തതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാതിൽ പൊളിച്ച് അകത്തു കയറുകയും നിജോയെയും ശില്പയെയും തൂങ്ങി മരിച്ച നിലയിലും കുട്ടികളായ ഏയ്ബലിനെയും ആരോണിനെയും ഒരു കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിലും കണ്ടെത്തുകയുമായിരുന്നു.
ആദ്യം രണ്ടു കുട്ടികളെയും നാട്ടുകാർ പറവൂർ താലൂക്ക് ഗവ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് പോലീസെത്തും മുമ്പേ നിജോയുടെയും ശില്പയുടെയും മൃതദേഹങ്ങളും ആശുപത്രിയിൽ എത്തിച്ചു. ആത്മഹത്യാക്കുറിപ്പിനൊപ്പം നാല് പേരുടെയും പാസ്പോർട്ട് സൈസ് ഫോട്ടോകളും കത്തിനരികിൽ ഉണ്ടായിരുന്നു.
ശില്പയുടെ ജോലി സംബന്ധമായ കാര്യങ്ങൾക്ക് വിദേശത്ത് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്ത് പോയി ഒരു മാസം താമസിച്ചെങ്കിലും ജോലി ലഭിക്കാതിരുന്നതിനാൽ ശില്പ തിരികെ പോന്നിരുന്നു. തുടർന്ന് ഇറ്റലിക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു. തിങ്കളാഴ്ച രാത്രി സമീപത്തെ ഒരു കല്യാണ ചടങ്ങിൽ നിജോ പങ്കെടുത്തിരുന്നു.
എയ്ബൽ തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് സ്കൂളിൽ മൂന്നാം ക്ലാസിലും ആരോൺ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ഇന്ന് രാവിലെ ഒന്‍പതിന് കടമക്കുടി സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.
പരേതനായ ജോണി -ആനി ദമ്പതികളുടെ മകനാണ് നിജോ. സഹോദരൻ : ടിജോ കൊടുങ്ങല്ലൂർ മേത്തല പറപ്പിള്ളി ബസാർ കോലങ്ങര വീട്ടിൽ പരേതനായ രാജു-മോളി ദമ്പതികളുടെ മകളാണ് ശിൽപ. ശിഖ സഹോദരിയാണ്.
മക്കൾക്ക് ഇഷ്ടവിഭവങ്ങൾ നല്കി;പിന്നെ ഒരുമിച്ച് മരണത്തിലേക്ക്
വരാപ്പുഴ: തങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പൊറോട്ടയും വെള്ളേപ്പവും ചിക്കനുമൊക്കെ അപ്പയും അമ്മയും കുഞ്ഞുവായിലേക്ക് സ്നേഹത്തോടെ വാരിക്കൊടുക്കുന്പോൾ ആ കുരുന്നുകള്‍ക്ക് അറിയില്ലായിരുന്നു അത് അവസാന അത്താഴമായിരുന്നുവെന്നും എല്ലാവരുമൊത്തുള്ള അവസാനരാത്രിയാണെന്നും.
അമ്മ നാളെ വിദേശത്തേക്ക് പോകുമെന്നും അതിനാല്‍ ഇന്ന് ഒരുമിച്ച് കിടക്കാമെന്നും പറഞ്ഞാണ് പതിവായി താഴത്തെനിലയിൽ കിടക്കാറുള്ള ഏയ്ബലിനെയും ആരോണിനെയും മുകൾ നിലയിലേക്ക് നിജോയും ശില്പയും വിളിച്ചുകൊണ്ടു പോയത്.
പതിവായി തന്റെ ഒപ്പം കിടക്കാറുള്ള കുഞ്ഞുങ്ങളെയും വിളിച്ചുകൊണ്ട് അവര്‍ മരണത്തിലേക്കാണ് പോകുന്നതെന്ന് അറിഞ്ഞില്ലെന്ന് നിജോയുടെ മാതാവ് ആനി പറഞ്ഞു. നാട്ടുകാരോടു സന്തോഷത്തോടെ പെരുമാറിയിരുന്ന ദമ്പതികളും ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തുമെന്നു ആർക്കും വിശ്വസിക്കാനാകുന്നില്ല.
കഴിഞ്ഞ ദിവസം രാത്രി വീടിനോടു ചേര്‍ന്നുള്ള സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്തപ്പോഴും നാട്ടുകാരെ കണ്ടപ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണു നിജോ പെരുമാറിയതെന്നു കൂട്ടുകാര്‍ പറഞ്ഞു.
പഠനത്തില്‍ മികവു പുലര്‍ത്തിയിരുന്ന കുട്ടികള്‍ രണ്ടു ദിവസമായി സ്കൂളില്‍ എത്താറില്ലായിരുന്നുവെന്നും വരാപ്പുഴ തുണ്ടത്തുംകടവ് ഇന്‍ഫന്റ് ജീസസ് സ്കൂള്‍ അധികൃതരും പറയുന്നു.