സോണ്ടയുടെ മറുപടിക്ക് ശേഷം നടപടി: മേയര്‍
1296739
Tuesday, May 23, 2023 1:05 AM IST
കൊച്ചി: കോര്പറേഷന് നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടി പരിശോധിച്ച ശേഷം ബ്രഹ്മപുരത്തെ ബയോമൈനിംഗ് കരാറില്‍ നിന്ന് സോണ്ട ഇന്‍ഫോടെക് കമ്പനിയെ ഒഴിവാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് മേയര്‍ എം. അനില്‍കുമാര്‍.
പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. തുടര്‍ന്ന് പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് ആവശ്യമായ തീരുമാനമെടുക്കുമെന്നും മേയര്‍ കൗണ്‍സിലിനെ അറിയിച്ചു.
ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് സോണ്ടയുമായുള്ള കരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിരുന്നു. അനുകൂല തീരുമാനം ലഭിച്ചതനുസരിച്ചാണ് കമ്പനിയുടെ വിശദീകരണം തേടി കോര്പറേഷന് കത്ത് നല്‍കിയത്.
ബയോമൈനിംഗിനായി പുതിയ കമ്പനിയെ നിയോഗിക്കുന്ന കാര്യത്തില്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ സാങ്കേതിക സഹായം തേടിയിട്ടുണ്ട്. എന്‍ജിനീയറിംഗ് ഇന്ത്യയുടെ സഹായത്തിനാണ് ശ്രമിക്കുന്നത്.
ബിപിസിഎലിന്റെ പ്ലാന്റ് വരുന്നതിനാല്‍ 150 ടണ്‍ സംസ്കരണ ശേഷിയുള്ള വിന്‍ട്രോ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായും മേയര്‍ പറഞ്ഞു.
പഴയ പ്ലാന്റ് അറ്റകുറ്റപ്പണി നടത്തി ഉപയോഗിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭിക്കില്ല. അതിനാല്‍ ആ വഴിക്ക് ആലോചിക്കാന്‍ കഴിയില്ല.
നിലവിലുള്ള 400 ശുചീകരണ തൊഴിലാളികളെയും നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പുതിയ ജീവനക്കാരെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് താത്കാലിക തൊഴിലാളികളെ പിരിച്ചുവിട്ടത്.