ഏഴു കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നല്കി ഇലഞ്ഞിയിലെ ദന്പതികൾ
1296711
Tuesday, May 23, 2023 1:00 AM IST
കൂത്താട്ടുകളം: വിവാഹ വാർഷിക ആഘോഷങ്ങൾ ഒഴിവാക്കി ഏഴു കുടുംബങ്ങൾക്ക് വീടുവയ്ക്കാനുള്ള സ്ഥലം സൗജന്യമായി നൽകുകയാണ് ഇലഞ്ഞിയിലെ ലൂക്കോസ് - സെലിൻ ദന്പതികൾ. 71-ലെത്തിയ വി.ജെ. ലൂക്കോസും 66- കാരിയായ സെലിനും 2023 ജനവരി 15 നാണ് വിവാഹ ജീവിതത്തിന്റെ 50-ാം വർഷത്തിലേക്ക് കടന്നത്. ഇതോടനുബന്ധിച്ച് സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തവരെ കണ്ടെത്തി അർഹരായവർക്ക് കരുതൽ നൽകുന്ന പദ്ധതി നടപ്പാക്കണമെന്ന് ലുക്കോസും സെലിനും തീരുമാനിക്കുകയായിരുന്നു.
മക്കളായ വി.എൽ. ജോസഫ് (സൗത്ത് ഓസ്ട്രേലിയ), ജിജി ജോസഫ് (അധ്യാപിക ഹയർ സെക്കൻഡറി സ്കൂൾ, മുതലക്കോടം), മരുമക്കളായ ജോസഫ് മാത്യു നീരോലിക്കൽ (പൊതുമരാമത്ത് വിഭാഗം എൻജിനീയർ), സിമി ജോസ് പൊൻകുന്നം (ഓസ്ടേലിയ) എന്നിവരും ലൂക്കോസിന്റെയും സെലിന്റേയും ആഗ്രഹത്തിന് പിന്തുണയേകി. കൂത്താട്ടുകുളം, പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, വെളിയന്നൂർ, ഇടുക്കി പ്രദേശങ്ങളിൽ നിന്നായി അന്പതിലധികം അപേക്ഷകൾ ലഭിച്ചു. ഏഴു കുടുംബങ്ങളെ തെരഞ്ഞെടുത്തു. സ്വന്തമായി സ്ഥലവും വീടുമില്ലാത്തവർ, കുടുംബമായി കഴിയുന്നവർ തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അർഹതപ്പെട്ടവരെ തെരഞ്ഞെടുത്തത്.
വർഷങ്ങൾക്കു മുന്പ് 18 കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ കൂത്താട്ടുകുളം നഗരസഭയിലെ സൗത്ത് ചോരക്കുഴി ഭാഗത്ത് ലൂക്കോസ് സൗജന്യമായി സ്ഥലം നൽകിയിരുന്നു.
ലൂക്കോസിന്റെ മാതാവ് ഏലിയാമ്മ ജോസഫിന്റെ സ്മരണയ്ക്കാണ് പദ്ധതി നടപ്പാക്കിയത്. ഇതിനോടു ചേർന്ന് എംസി റോഡിൽ നിന്നും 200 മീറ്റർ മാത്രം അകലെയുള്ള 24 സെന്റ് ഭൂമിയിലാണ് പുതിയതായി ഏഴു കുടുംബങ്ങൾക്ക് മൂന്നു സെന്റ് വീതം നൽകുന്നത്. ബാക്കിയുള്ള മൂന്നു സെന്റ് പൊതു ഉപയോഗത്തിനായി നീക്കിവച്ചിരിക്കുന്നത്. മാതൃകാ കർഷക ദന്പതികളാണിവർ. ഇലഞ്ഞി റബർ ഉല്പാദക സംഘത്തിന്റെ പ്രസിഡന്റാണ് ലൂക്കോസ്. നാളെ രാവിലെ 10.30ന് കൂത്താട്ടുകുളത്ത് എസ്എൻഡിപി ഹാളിൽ ചേരുന്ന ചടങ്ങിൽ വി.ജെ. ലൂക്കോസ്-സെലിൻ ദന്പതികൾ വസ്തുവിന്റെ ആധാരങ്ങൾ ഏഴു കുടുംബങ്ങൾക്ക് കൈമാറും.