കാലടിയിൽ കെഎസ്യു പ്രവർത്തകർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
1280114
Thursday, March 23, 2023 12:38 AM IST
കാലടി : കാലടി ശ്രീ ശങ്കര കോളജിൽ കെഎസ്യു പ്രവർത്തകർ ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന പോലീസ് നടപടിക്കെതിരേ കെഎസ്യു എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമവും പോലീസ് സ്റ്റേഷൻമാർച്ചും സംഘടിപ്പിച്ചു. റോജി എം. ജോൺ എംഎൽഎ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
സ്റ്റേഷനു മുന്നിൽ പ്രവർത്തകരെ പോലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. ഇരുകൂട്ടരും സംയമനം പാലിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ല.
സിപിഎം നേതാവിന്റെ മക്കളായ ഒന്നാം പ്രതിയെയും രണ്ടാം പ്രതിയെയും എഫ്ഐആറിൽ നിന്ന് പോലീസ് ഒഴിവാക്കിയതായി എംഎൽഎ ആരോപിച്ചു. പോലീസ് നീതിയുക്തമായ നടപടി എടുത്തില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
വാദിയെ പ്രതിയാക്കുകയും പ്രതികളെ രക്ഷപെടുത്തുകയും ചെയ്യുന്ന നയമാണ് പോലീസിന്റേതെങ്കിൽ വരും നാളെകളിൽ കെഎസ്യുവിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങളും തിരിച്ചടികളും ഉണ്ടാകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
കെഎസ്യു എറണാകുളം ജില്ലാ സെക്രട്ടറി മിവാ ജോളി അധ്യക്ഷത വഹിച്ചു. ആൻ സെബാസ്റ്റ്യൻ, പി.എച്ച്. അസ്ലം തുടങ്ങിയവർ പ്രസംഗിച്ചു.