നിറങ്ങളിൽ നിറഞ്ഞ് മാലിന്യമുക്ത സന്ദേശം
1540800
Tuesday, April 8, 2025 3:53 AM IST
കോട്ടയം: വലിച്ചെറിയുന്ന മാലിന്യം പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന വിപത്തുകളെ വരച്ചുകാട്ടി മാലിന്യമുക്ത നവകേരളം ചിത്രരചന. മാലിന്യമുക്തം നവകേരളം ജില്ലാതല പ്രഖ്യാപനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ചിത്രകലാപരിഷത്തും ചേർന്നാണ് തിരുനക്കര മൈതാനത്ത് ചിത്രരചന സംഘടിപ്പിച്ചത്. ഒരു കാൻവാസിൽ വ്യത്യസ്ത സന്ദേശമുള്ള നിരവധി ചിത്രങ്ങളാണ് പതിനൊന്നു കാലകാരന്മാർ ചേർന്നുവരച്ചത്.
പ്ലാസ്റ്റിക് മാലിന്യം കത്തിക്കുമ്പോൾ അവ ഓസോൺ പാളിയിൽ ഉണ്ടാക്കുന്ന വിള്ളലും തന്മൂലം പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന മാറ്റങ്ങളും ചിത്രരചനാ രൂപത്തിൽ വരച്ചുകാട്ടുന്നു. മാലിന്യ നിർമാർജനം സാധ്യമാകുമ്പോൾ നദികൾ പുനർജനിക്കുകയും മത്സ്യസമ്പത്ത് വർധിക്കുകയും മരങ്ങളും പ്രകൃതിസമ്പത്തും തിരികെ വരുന്നതും കാണാം. മാലിന്യ സംസ്കരണത്തിന്റെ കൃത്യമായ രീതിയും മാലിന്യം ശേഖരിക്കുന്ന ഹരിത കർമ സേനാംഗവും കാൻവാസിൽ പകർത്തിയിട്ടുണ്ട്.
ശുചിത്വത്തിന്റെ സന്ദേശം സമൂഹത്തിന് പകർന്നു നൽകിയ ഗാന്ധിജിയും അദ്ദേഹത്തിന്റെ സന്ദേശവും വരകളായി.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്, പി.ആർ. അനുപമ, ജില്ലാ പഞ്ചായത്തംഗം സുധാ കുര്യൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മാലിന്യമുക്ത നവകേരളം കാമ്പയിൻ കോ-ഓർഡിനേറ്റർ ടി.പി. ശ്രീശങ്കർ, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, കില ജില്ലാ കോ-ഓർഡിനേറ്റർ ബിന്ദു അജി എന്നിവർ പങ്കെടുത്തു.