താന്‍ മുസ്ലിം വിരോധിയല്ല, പ്രസംഗം വിവാദമാക്കി: വെള്ളാപ്പള്ളി
1540576
Monday, April 7, 2025 7:22 AM IST
ചേർത്തല: താൻ മുസ്ലിം വിരോധിയല്ലെന്നും തന്റെ പ്രസംഗത്തിന്റെ ഒരുഭാഗം അടർത്തിയെടുത്ത് പ്രചരിപ്പിച്ചതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസംഗത്തിൽ വിവരിച്ചത് സമുദായത്തിന്റെ പിന്നാക്കാ വസ്ഥയെക്കുറിച്ചാണ്. ബാബറി മസ്ജിദ് പൊളിച്ചപ്പോൾ പ്രതിഷേധിച്ച സംഘടനയാണ് എസ്എൻഡിപി. മതേതരം പറയുന്ന ലീഗ് ഒരു പഞ്ചായത്തിലും ഹിന്ദുവിനെ മത്സരിപ്പിച്ചിട്ടില്ല. തനിക്കെതിരെയുള്ള ലീഗിന്റെ മൂന്നാമത്തെ ആക്രമണമാണിത്.
ലീഗിന്റെ സഹായത്തോടെയാണ് കോൺഗ്രസുകാർ എംപിമാരായത്. മലപ്പുറത്തെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക നീതിയില്ല ഞാൻ പറഞ്ഞത്. കാര്യങ്ങൾ തുറന്നുപറയുമ്പോൾ ഞാൻ വർഗീയവാദിയാകുന്നു. ഞാൻ സാമൂഹ്യനീതിക്കുവേണ്ടിയാണ് പറഞ്ഞത്. മതവിദ്വേഷം ഒരിക്കലും എസ്എൻഡിപി യോഗത്തിന്റെ മുദ്രാവാക്യം അല്ല.
കോൺഗ്രസ് എംപി മാർ മുസ്ലിം ലീഗിനെ ഭയന്നാണ് വഖഫ് ബില്ലിനെ എതിർത്തത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി ആദർശ രാഷ്ട്രീയം മരിച്ചു. അവസരവാദ രാഷ്ട്രീയം നിലനിൽക്കുന്ന ലീഗിന്റെ മുന്നിൽ രാഷ്ട്രീയകക്ഷികൾ രാമന്റെ മുന്നിൽ ഹനുമാൻ നിൽക്കുന്നതുപോലെയാണ്. കോൺഗ്രസ് ലീഗിന്റെ തടവറയിലാണ്. ലീഗ് കാലുവാരിയാൽ കോൺഗ്രസ് രക്ഷപ്പെടില്ല.
എന്റെ കോലം കത്തിച്ചവർ എന്നെ വേണമെങ്കിൽ കത്തിച്ചോളു, വിരേധമില്ല. മലപ്പുറം ആരുടെയും സാമ്രാജ്യമല്ലെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.