കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 170-ാം ജന്മദിനാഘോഷം നാളെ
1540794
Tuesday, April 8, 2025 3:53 AM IST
കോട്ടയം: കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ 170-ാം ജന്മദിനാഘോഷം നാളെ നടക്കും. രാവിലെ 10.30ന് മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും.
സമ്മേളനത്തിനു മുന്നോടിയായി കോടിമത പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിനു മുന്നില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരക കലാമന്ദിരത്തിനു സമീപം അരയാലിന് ചുവട്ടില്‍ എംസി റോഡിനഭിമുഖമായി കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ പൂര്‍ണകായ വെങ്കല പ്രതിമ ഗവര്‍ണര്‍ അനാച്ഛാദനം ചെയ്യും. മലയാള സാഹിത്യ പരിപോഷണത്തിനായി ആയുഷ്കാലം പ്രയത്നിച്ച സാഹിത്യകാരനും ബഹുമുഖ പ്രതിഭയുമായിരുന്ന കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് കോട്ടയത്ത് മഹത്തായ സ്മാരകം ഉയര്‍ന്നിരിക്കുകയാണ്.
1855 മാര്‍ച്ച് 23ന് കോടിമത കൊട്ടാരത്തില്‍ വീട്ടില്‍ ജനിച്ച ശങ്കുണ്ണി കവി, ഗദ്യകാരന്, പണ്ഡിതന്, പത്രപ്രവര്ത്തകന്, വൈദ്യശാസ്ത്ര നിപുണന്, അധ്യാപകന്, തീയാട്ടു കലാകാരന്, സാഹിത്യ പ്രവര്ത്തകന് എന്നീ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു. എട്ടു വാല്യങ്ങളിലുള്ള ഐതിഹ്യമാല ഉള്‍പ്പെടെ അറുപതോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 1937 ജൂലൈ 23ന് അന്തരിച്ചു.