കോട്ടയം ബൈബിള്‍ കണ്‍വന്‍ഷനു സമാപനം
1540564
Monday, April 7, 2025 7:10 AM IST
കോട്ടയം: ആയിരങ്ങളുടെ മനസുകളില്‍ വചനമാരി നിറച്ചും യേശുവിന്റെ പീഡാസഹനത്തെയും മരണത്തെയും ഉത്ഥാനത്തെയും പ്രാര്‍ഥനയോടെ സ്വീകരിക്കാനായി ഒരുക്കിയും കോട്ടയം ബൈബിള്‍ കണ്‍വന്‍ഷനു സമാപനം. കോട്ടയം കാത്തലിക് മൂവ്മെന്റിന്റെയും കോട്ടയം കരിസ്മാറ്റിക് സോണിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാഗമ്പടം സെന്റ് ആന്റണീസ് തിരുശേഷിപ്പ് തീര്‍ഥാടന കേന്ദ്രത്തില്‍ നടന്നുവന്ന ബൈബിള്‍ കണ്‍വന്‍ഷനാണ് സമാപിച്ചത്.
റൂബി ജൂബിലി വര്‍ഷത്തില്‍ നടന്ന കണ്വന്ഷന് തൃശൂര്‍ തലോര്‍ ജറുസലേം ധ്യാനകേന്ദ്രത്തിലെ ഫാ. ഡേവീസ് പട്ടത്ത് ആന്‍ഡ് ടീമാണ് നയിച്ചത്. കണ്‍വന്‍ഷന്റെ സമാപന ദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനു കരുണക്കൊന്തയോടെ ശുശ്രൂഷകളാരംഭിച്ചു. തുടര്‍ന്ന് വിജയപുരം ബിഷപ് ഡോ.സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കി.
ദൈവചനത്തിലൂടെ മാനസാന്തരപ്പെട്ട് ദൈവത്തിലേക്ക് അടുക്കാന്‍ കഴിയണം. മാനസാന്തരം ദൈവത്തിലേക്കുള്ള തിരിച്ചുപോകലും തിന്മ വഴിയില്‍ നിന്നും ദൈവ വഴിയിലേക്കുള്ള യാത്രയുമാണെന്ന് ബിഷപ് ഡോ. സെബാസ്റ്റിയന് തെക്കത്തെച്ചേരില്‍ സന്ദേശത്തില്‍ പറഞ്ഞു. ദിവ്യകാരുണ്യആരാധനയോടെയാണ് കണ്വന്ഷന് സമാപിച്ചത്.
കണ്‍വന്‍ഷന്റെ സമാപന ദിവസമായ ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ മൂന്നു വരെ സീനിയര്‍ സിറ്റിസണ്‍സ് സംഗമവും രാവിലെ 10 മുതല്‍ 12 വരെ ഹിന്ദി, തമിഴ് അതിഥി തൊഴിലാളികളുടെ സംഗമവും നടന്നു.