പൈപ്പ് പൊട്ടി റോഡ് പിളർന്നു; ഭാരവണ്ടികൾ നിരോധിച്ചു
1540781
Tuesday, April 8, 2025 3:37 AM IST
വെച്ചൂർ: നാണുപറമ്പ് - കമ്പിയിൽ റോഡ് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് രണ്ടായി പിളർന്നതിനാൽ ഇതുവഴിയുള്ള ഭാരവണ്ടികൾ നിരോധിച്ചു. അയ്യനാടൻ പുത്തൻകരി, കോലാംപുറത്തുകരി, ഞാറയ്ക്കാത്തടം, കട്ടമട തുടങ്ങിയ പാടശേഖരങ്ങളിലേക്ക് കർഷകർ വിത്തും വളവും കൊണ്ടുപോകുന്നതും കൊയ്ത്ത് കഴിഞ്ഞ് നെല്ല് കയറ്റി അയയ്ക്കുന്നതും ഈ റോഡിനെ ആശ്രയിച്ചാണ്.
എട്ടു മാസം മുമ്പ് 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച റോഡാണ് തകർന്നത്. പൈപ്പ് പൊട്ടിയതിനെത്തുടർന്ന് നാണുപറമ്പ് റോഡിന്റെ വടക്കുഭാഗത്തുള്ള പൊന്നങ്കേരി, പോട്ടക്കരി, തേവരി, കുപ്പച്ചംവേലി തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെട്ടതോടെ 400ഓളം കുടുംബങ്ങൾ ദുരിതത്തിലായി.
തകർന്ന റോഡ് കുറ്റമറ്റതാക്കി കുടിവെള്ള വിതരണം കാര്യക്ഷമമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം എൻ. സഞ്ജയൻ ആവശ്യപ്പെട്ടു.