കാവാലിക്കരി പാടശേഖരത്തെ നെല്ലുസംഭരണം പുനരാരംഭിച്ചു : റോഡിൽ താത്കാലിക അറ്റകുറ്റപ്പണി നടത്തി കർഷകൻ
1540579
Monday, April 7, 2025 7:36 AM IST
ചങ്ങനാശേരി: കാവാലിക്കരി പാടശേഖരത്തേക്കുള്ള റോഡില്‍ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തി. ലോറിയില്‍ നെല്ലുനീക്കം പുനരാരംഭിച്ചു. ചെളിയായി താഴുന്ന റോഡ് നന്നാക്കി, നെല്ലു കയറ്റിവിടാന്‍ സഹായമാവശ്യപ്പെട്ട് കര്‍ഷകര്‍ മുട്ടാവുന്ന വാതിലുകളൊക്കെ മുട്ടിയെങ്കിലും ആരും കനിഞ്ഞില്ല. ഒടുവിൽ പാടശേഖരത്തെ ഒരു കർഷകനായ ജോജന്‍ കൊച്ചുപുരയ്ക്കല്‍ 15,000 രൂപ മുടക്കി റോഡില്‍ മണ്ണും മെറ്റലും ഇറക്കി താത്കാലിക അറ്റകുറ്റപ്പണികള്‍ നടത്തിയതോടെയാണ് ലോറിയില്‍ നെല്ലു നീക്കം തുടങ്ങിയത്. ഇന്നലെ രാത്രിയോടെ രണ്ട് ലോഡ് നെല്ല് കയറ്റിവിട്ടു.
കാവാലിക്കരി പാടശേഖരത്തേക്കുള്ള റോഡ് ചെളിക്കുളമായതിനെത്തുടര്ന്ന് ലോറിയെത്താന് ബുദ്ധിമുട്ടായതോടെ നെല്ലുനീക്കം സ്തംഭിച്ചിരുന്നു. പായിപ്പാട് കൃഷിഭവന് പരിധിയിലുള്ള ഈ പാടശേഖരത്ത് 350ഓളം ഏക്കറിലെ 50 ലോഡിലേറെ നെല്ലുനീക്കമാണ് സ്തംഭിച്ചത്.
ജോജന്‍ 40 ഏക്കറോളം പാടത്തെ നെല്ല് കയറിപ്പോകേണ്ടിയിരുന്നതിനാല് അദ്ദേഹം പണം മുടക്കുകയും കര്‍ഷകരുടെ സഹകരണത്തോടെ റോഡ് നന്നാക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം നാലു ലോറികളില്‍ നെല്ലുകയറ്റി പോകുന്നതിനിടെ രണ്ട് ലോറികള്‍ റോഡിലെ ചെളിയില്‍ താഴുകയായിരുന്നു. കര്‍ഷകര്‍ നന്നേ പണിപ്പെട്ടാണ് ലോറികള്‍ കയറ്റിവിട്ടത്. ലോറിയിലുണ്ടായിരുന്ന നെല്ലുചാക്കുകള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം രണ്ട് ക്രെയിനുകള്‍ എത്തിച്ചാണ് ലോറികള്‍ ഉയര്‍ത്തി നീക്കിയത്.
ക്രെയിനുകള്‍ എത്തിച്ചതിന് 15,000ത്തിലേറെ രൂപ ചെലവായതായി കര്‍ഷകര്‍ പറഞ്ഞു. തുടര്‍ന്ന് ലോറികള്‍ എത്തിക്കാൻ ബുദ്ധിമുട്ടു നേരിട്ടതോടെ സംഭരണം പ്രതിസന്ധിയിലായിരുന്നു.
എസി റോഡില്‍ പൂവം കടത്തു ഭാഗത്തിനടുത്ത് പള്ളിപ്പറമ്പ് ഭാഗത്തുനിന്നുമാണ് കാവാലിക്കരിയിലേക്കുള്ള റോഡിന്റെ ആരംഭം. 800 മീറ്ററോളമാണ് ദൂരം. കാലങ്ങളായി ഈ റോഡിന്റെ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് റോഡ് തകരാന്‍ കാരണമായത്.
നെല്ലു സംഭരണത്തിന് രണ്ടു മില്ലുകാരുമായാണ് ധാരണയുണ്ടാക്കിയിരിക്കുന്നത്. ഇവര്‍ സമയബന്ധിതമായെത്തി നെല്ലു സംഭരിക്കാന്‍ നടപടി വേണമെന്നും ഈ റോഡ് നന്നാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും പാടശേഖരസമിതി ആവശ്യപ്പെട്ടു.