വിഷുവിന് വിളംബരമായി കണിക്കൊന്നകൾ
1540638
Monday, April 7, 2025 11:40 PM IST
കോട്ടയം: വിഷുവിന്റെ വരവ് അറിയിച്ച് പുതിയൊരു വര്‍ഷത്തിന്റെ ശുഭ പ്രതീക്ഷകളുമായി സ്വര്‍ണ വര്‍ണം ചാര്‍ത്തി നഗരവീഥികളും ഗ്രാമവഴികളും കൊന്നപ്പൂക്കളാല്‍ നിറഞ്ഞു.
പ്രകൃതിയും മനുഷ്യനും ഒത്തിണങ്ങിയായിരുന്നു ഓരോ വിഷുക്കാലത്തെയും വരവേറ്റിരുന്നത്. കണിക്കൊന്ന പൂവിട്ടതു കണ്ടാല്‍ മലയാളിയുടെ മനസിലും പൂത്തിരി കത്തും. നേരവും കാലവും തെറ്റി കണിക്കൊന്ന പൂക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും കത്തുന്ന ചൂടിലാണ് സ്വര്‍ണ വര്‍ണം പൊഴിക്കുന്ന കര്‍ണികാരം കാണാന്‍ ഏറെ ഭംഗി. മേടത്തില് മാത്രം പൂത്തിരുന്ന കണിക്കൊന്ന ചിങ്ങത്തിലും ഓണത്തിനുമൊക്കെ ഇപ്പോള്‍ പൂക്കാറുണ്ട്. ഇത്തവണ ഫെബ്രുവരി ആദ്യവാരം മുതല്‍ കണിക്കൊന്ന പൂത്തു നിറഞ്ഞു.
കോട്ടയം നഗരമധ്യത്തില്‍ മുനിസിപ്പാലിറ്റി വളപ്പില്‍ മറ്റ് മരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന കൊന്നമരം മഞ്ഞവസന്തമായി നില്‍ക്കുകയാണ്. റോഡിനോട് ചേര്‍ന്നു നില്ക്കുന്നതിനാല് യാത്രക്കാരെയും ആകര്‍ഷിക്കുന്നു. പ്രധാന റോഡുകളിലെല്ലാം എല്ലാവരെയും ആകര്‍ഷിക്കുന്ന കണ്കുളിര്ക്കെയുള്ള കാഴ്ചയാണു കൊന്നമരങ്ങള്‍ പൂത്തിരിക്കുന്നത്. വാഹനത്തിരക്കൊഴിയുന്ന പുലര്‍ച്ചെ വീഥിയില്‍ മഞ്ഞപ്പട്ട് വിരിച്ചതിനു സമാനമായി പൂക്കള്‍ വീണുകിടക്കുന്നതും മറ്റൊരു കാഴ്ചയാണ്. വീടുകളുടെ മുമ്പിലും കാഴ്ചയ്ക്കു ഭംഗിയേകി കൊന്നമരം പൂത്തിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തിലുണ്ടായ മാറ്റമാണ് മരങ്ങള്‍ നേരത്തേ പൂവിടാന്‍ ഇടയാക്കുന്നത്. കര്‍ണികാരം എന്നും പേരുള്ള കണിക്കൊന്ന വിഷുക്കണി ഒരുക്കുന്നതിന് നിര്‍ബന്ധമാണ്. നേരത്തേ പൂത്തതിനാലും വേനല്‍ മഴ ശക്തമായി തുടരുന്നതിനാലും ഇത്തവണ വിഷുവിന് കണിയൊരുക്കാന്‍ കൊന്നപ്പൂക്കള്‍ ലഭിക്കാതെ വരുമെന്ന ആശങ്കയുമുണ്ട്. മീനത്തില്‍ പൂത്ത് വിഷുക്കാലമായ മേടത്തില് കൊഴിയേണ്ട കണിക്കൊന്നകള്‍ അമിത ചൂടും പകലിന്റെ ദൈര്‍ഘ്യം കൂടിയതും കാലാവസ്ഥാ വ്യതിയാനവും പുഷ്പ്പിക്കല്‍ പ്രക്രിയയെ തകിടംമറിച്ചു.
ഗോള്‍ഡന്‍ ഷവര്‍ ട്രീ എന്നറിയപ്പെടുന്ന ഈ പൂക്കള്‍ മലയാളിക്ക് സമൃദ്ധിയിലേയ്ക്കുള്ള കാഴ്ച കൂടിയാണ്.