പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
1540799
Tuesday, April 8, 2025 3:53 AM IST
കുടമാളൂർ: ജലവിതരണ പൈപ്പ് പൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു. കുടമാളൂർ പുളിഞ്ചുവട് കവലയിലാണ് ജലവിതരണ പൈപ്പ് പൊട്ടിയൊഴുകുന്നത്. തിരക്കേറിയ റോഡിൽകൂടി പരന്നൊഴുകുന്ന ജലം വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് തെറിച്ചുവീഴുന്നത് പ്രകോപനത്തിന് കാരണമാകുന്നുണ്ട്.
മീനച്ചിലാറ്റിലെ കുടമാളൂർ പമ്പ് ഹൗസിൽനിന്ന്ആഴ്ചയിൽ രണ്ടു ദിവസമാണ് ഈ ഭാഗത്തേക്ക് വെള്ളം പമ്പു ചെയ്യുന്നത്. ഈ വെള്ളം പ്രദേശത്തെ ഉയർന്ന സ്ഥലങ്ങളിലേക്ക് എത്താറുമില്ല. പമ്പിംഗ് നടക്കുന്നുണ്ടെങ്കിലും വേനൽ കടുത്തതോടെ ഉപഭോഗം കൂടുന്നതാണ് ഇതിനു കാരണമായി അധികൃതർ പറയുന്നത്.
എന്നാൽ, വെള്ളത്തിന്റെ ബിൽ വരുമ്പോൾ കൂടിയ തുകയാണ് ഉപഭോക്താക്കൾക്കു ലഭിക്കുന്നതെന്ന പരാതിയുണ്ട്. പൊട്ടിയ പൈപ്പുകൾ യഥാസമയം മാറ്റിയിട്ടാൽ കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കാൻ കഴിയും. എന്നാൽ, ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ അനാസ്ഥ കാട്ടുന്നതായി ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു.