കോട്ടയ്ക്കുപുറം പള്ളിയില്‍ ഒരുമണിക്കൂറില്‍ ബൈബിള്‍ പകര്‍ത്തിയെഴുതി ചരിത്രംകുറിച്ചു
1540637
Monday, April 7, 2025 11:40 PM IST
അതിരന്പുഴ: കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളിയില്‍ ഒരു മണിക്കൂറുകൊണ്ട് ആയിരം പേര് ഒന്നിച്ചിരുന്നു വിശുദ്ധ ബൈബിള്‍ പകര്‍ത്തിയെഴുതി ചരിത്രംകുറിച്ചു.
കോട്ടയ്ക്കുപുറം ഇടവക ജനം ഒന്നാകെയാണ് മെല്‍സാദ് നൂഹ്റാ -വചനത്തിന്റെ വെളിച്ചം എന്നു പേരുനല്കിയ ബൈബിള്‍ പകര്‍ത്തിയെഴുത്ത് പരിപാടിയില്‍ പങ്കാളികളായത്. 1074 പഴയനിയമ അധ്യായങ്ങളും 260 പുതിയ നിയമ അധ്യായങ്ങളും ഒരു മണിക്കൂറില്‍ പകര്‍ത്തിയെഴുതിയാണ് ഇടവകാംഗങ്ങള്‍ നേട്ടം കൈവരിച്ചത്. ആറുവയസു മുതല്‍ 85 വയസുവരെയുള്ളവര്‍ വിശുദ്ധ ബൈബിള്‍ എഴുതാന്‍ രംഗത്തുണ്ടായിരുന്നു. രോഗികളായ 200 പേര് വീടുകളിലിരുന്നും ബാക്കിയുള്ളവര്‍ പള്ളി ഓഡിറ്റോറിയത്തിലുമാണ് എഴുതിയത്.
ആഗോള സാര്‍വത്രിക സഭയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വചനത്തിന്റെ വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് വിശ്വാസികൾ വിശുദ്ധ ബൈബിള്‍ എഴുതിയത്. രണ്ടുമാസമായി ഇതിനുള്ള പരിശ്രമത്തിലായിരുന്നു. ഓരോ ഭവനത്തില്‍നിന്നും എഴുതുന്നവര്‍ക്കുള്ള ബൈബിള്‍ഭാഗങ്ങള്‍ നിശ്ചയിച്ചുനല്‍കിയിരുന്നു. ഒരാഴ്ചയായി ഇടവകജനം വചനവായനയിലൂടെ ഒരുങ്ങുകയായിരുന്നു. ബൈബിള്‍ എഴുത്തില്‍ പരിശീലനം നേടിയശേഷമാണ് വിശ്വാസികള്‍ എത്തിയത്. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും മെല്‍സാദ് നൂഹ്റാ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
വൈദികരും സന്യസ്തരും ബൈബിള്‍ എഴുതി ഉദ്ഘാടനച്ചടങ്ങില്‍ പങ്കാളികളായി. ഇടവകയുടെ കൂട്ടായ്മയും ആധ്യാത്മിക ചൈതന്യവും വിളിച്ചോതിയ സംഭവത്തിനു വികാരി ഫാ. സോണി തെക്കുമുറിയിലും സഹവികാരി ഫാ. ജെറിന് കാവനാട്ടും മതാധ്യാപകരും കൈക്കാരന്മാരും നേതൃത്വം നല്കി.