23 കിലോ കിഴിവ് ; പാടത്ത് മില്ലുകാരുടെ പകല്‍ക്കൊള്ള തുടരുന്നു
1540635
Monday, April 7, 2025 11:40 PM IST
കോട്ടയം: പാടത്ത് മില്ലുകാരുടെ പകല്‍ക്കൊള്ള തുടരുന്നു. നൂറു കിലോ നെല്ലിന് 23 കിലോ വരെ മില്ലുകാര്‍ കിഴിവിന് വിലപേശുന്ന സാഹചര്യത്തിലും ഇടപെടാന്‍ അധികാരികളില്ല.
വേനല്‍ മഴ ദിവസവും ശക്തിപ്പെടുന്നതനുസരിച്ച് നെല്ല് കിഴിവിന് വിലപേശല്‍ തുടരുകയാണ്. എങ്ങനെയും നെല്ല് പാടത്തുനിന്ന് വിറ്റുപോകാന്‍ ചോദിക്കുന്ന കിഴിവ് നല്കി കര്‍ഷകര്‍ നെല്ല് കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ജില്ലയില്‍ പുഞ്ചക്കൊയ്ത്ത് 50 ശതമാനം മാത്രം പൂര്‍ത്തിയായിരിക്കെ നിലവില്‍ ആറായിരം ടണ്‍ നെല്ലാണു വിവിധ പാടങ്ങളില്‍ കെട്ടിക്കിടക്കുന്നത്.
ഓരോ ദിവസവും കിഴിവിന്റെ അളവ് മില്ലുകാര്‍ കൂട്ടുന്ന സാഹചര്യത്തില്‍ സംഭരണം വേഗത്തിലാക്കാനോ ചൂഷണത്തിന് അറുതിവരുത്താനോ കൃഷി വകുപ്പ് നേരിയ ഇടപെടല്‍പോലും നടത്തുന്നില്ല. കൊയ്ത്തിന് മുന്‍പ് വേണ്ടിടത്തോളം യന്ത്രങ്ങളെത്തിക്കാനോ മില്ലുകാരെ ക്രമീകരിക്കാനോ സപ്ലൈകോയ്ക്ക് സാധിക്കാതെ വന്നതാണ് നിലവിലെ പ്രധാന പ്രതിസന്ധി.
ജില്ലയില്‍ ഏറ്റവും വലിയ പാടമായ തിരുവാര്‍പ്പ് ജെ ബ്ലോക്കില്‍ മികച്ച നിലവാരമുള്ള നെല്ലിന് രണ്ടര ശതമാനത്തില്‍ തുടങ്ങിയ കിഴിവ് കൊയ്ത്ത് പകുതിയായിരിക്കെ പത്തു ശതമാനമായി വര്‍ധിപ്പിച്ചു. നേരിയ തോതില്‍പോലും ഈര്‍പ്പം കലരാത്ത നെല്ലാണ് മില്ലുകാരുടെ കടുംപിടിത്തത്തെത്തുടര്ന്ന് തിരുവാര്‍പ്പില്‍ വില്‍ക്കേണ്ടിവന്നത്.
കല്ലറ, ആര്‍പ്പൂക്കര, അയ്മനം പ്രദേശങ്ങളില്‍ 60 ടണ്‍ നെല്ല് രണ്ടാഴ്ചയായി വിവിധ പാടങ്ങളില്‍ കെട്ടിക്കിടക്കുന്നു. ഇവിടെ ഒരു ക്വിന്റലിന് 23 കിലോയാണ് മില്ലുകാര്‍ കിഴിവ് ആവശ്യപ്പെടുന്നത്.
ജില്ലയില്‍ മുപ്പതിനായിരം ഏക്കറിലാണ് പുഞ്ചകൃഷിയുള്ളത്. ഇതില്‍ 18,000 ഹെക്ടറില്‍ മാത്രമാണ് വിളവെടുപ്പ് പൂര്‍ത്തിയായത്. മില്ലുകാര്‍ക്ക് 47,000 ടണ്‍ നെല്ല് കയറ്റുമതി ചെയ്തതില്‍ 11,000 ടണ്ണിന് മാത്രമാണ് പിആര്‍എസ് തയാറാക്കിയിരിക്കുന്നത്. പാഡി ഓഫീസര്‍ നല്കുന്ന പിആര്‍എസ് നിശ്ചിത ബാങ്കില്‍ കര്‍ഷകര്‍ നല്കിയാലും ബാങ്ക് ലോണായി തുക നല്കാന് മാസങ്ങളുടെ കാത്തിരിപ്പുവേണ്ടിവരും.
കഴിഞ്ഞ വിരിപ്പ് കൃഷിയില്‍ സപ്ലൈകോ സംഭരിച്ച നെല്ലിന് 25 കോടി രൂപ ഇപ്പോഴും കുടിശികയുണ്ട്.
വരുംദിവസങ്ങളിലും വേനല്‍മഴ ശക്തിപ്പെടുമെന്നിരിക്കെ പുഞ്ച കൃഷി ഭാരിച്ച നഷ്ടത്തിലേക്കാണ് കൂപ്പുകുത്തുന്നത്.