ശബരി എയര്‍പോര്‍ട്ട് വിജ്ഞാപനം വൈകില്ല
1540641
Monday, April 7, 2025 11:40 PM IST
കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം വൈകാതെയുണ്ടാകും. 2,263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റും 307 ഏക്കര്‍ സ്വകാര്യ ഭൂമിയുമാണ് വിമാനത്താവളം പണിയാന്‍ ഏറ്റെടുക്കുക. ഭരണ അനുമതി നല്കുന്നതിനു മുന്നോടിയായി നിര്‍മാണവുമായ ബന്ധപ്പെട്ട പരിശോധനാ, പഠന റിപ്പോര്‍ട്ടുകള്‍ വനം, റവന്യൂ, ഗതാഗതം, ധനം വകുപ്പുകളിലെ ഉന്നത ഉദ്യാഗസ്ഥര്‍ അവസാനവട്ടം പരിശോധനയിലാണ്.
മുന്‍പ് സാങ്കേതിക വീഴ്ചകളെത്തുടര്‍ന്ന് നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച് പഴുതില്ലാത്ത വിധം പരിശോധനകള്‍ നടത്തിയശേഷമാകും വിജ്ഞാപനം പുറപ്പെടുവിക്കുക. സ്ഥലം സര്‍വേ, സാമൂഹികാഘാത പഠനം, ചെലവ്, ബിലീവേഴ്സ് ചര്‍ച്ചുമായുള്ള അവകാശത്തര്ക്കക്കേസ് എന്നിവയൊക്കെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ഭരണമാനുമതി ലഭിച്ചാല്‍ സ്ഥലം ഏറ്റെടുക്കലിലേക്ക് കടക്കും. ഇതിന്റെ ഭാഗമായി ഓരോ സര്‍വേ നമ്പറിലുമുള്ള സ്ഥലം പ്രത്യേകം അളന്ന് തിരിക്കും. നഷ്ടപരിഹാരം എത്ര നല്കണമെന്നതില് റവന്യൂ, കൃഷി, പൊതുമരാമത്ത് വകുപ്പുകള്‍ ചേര്‍ന്നായിരിക്കും തീരുമാനമെടുക്കുക.