32 വർഷം ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ
1540586
Monday, April 7, 2025 7:36 AM IST
മുണ്ടക്കയം ഈസ്റ്റ്: പിതൃസഹോദരനെ കുത്തി പരിക്കേൽപ്പിച്ചശേഷം ഒളിവിൽപ്പോയ പ്രതി 32 വർഷത്തിനുശേഷം പെരുവന്താനം പോലീസിന്റെ പിടിയിൽ. മൂഴിക്കൽ കൊച്ചുവീട്ടിൽ സുനിൽ കുമാറി (52)നെയാണ് മൂന്നാറിൽനിന്നു പോലീസ് പിടികൂടിയത്.
1993ലാണ് കേസിനാസ്പദമായ സംഭവം. പിതൃസഹോദരനെ കുത്തി പരിക്കേൽപ്പിച്ചശേഷം ഇയാൾ നാടുവിടുകയായിരുന്നു. മാനസികരോഗിയായ പിതാവിനെ സഹോദരന്മാർ മർദിക്കുന്നത് പതിവായിരുന്നുവെന്നും അതാണ് പിതൃസഹോദരനോടുള്ള വൈരാഗ്യത്തിനു കാരണമെന്നും സുനിൽകുമാർ പറയുന്നു.
ഒളിവിൽപ്പോയ ഇയാൾ നാലുവർഷം ചെന്നൈയിൽ താമസിച്ച ശേഷം മൂന്നാറിലെത്തി. ഇവിടെ മതവും പേരുമെല്ലാം മാറി തമിഴ് സ്ത്രീയെ വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു. ഇതിനിടയിൽ പഴയ കേസുകൾ പുനരന്വേഷിക്കുന്നതിന്റെ ഭാഗമായാണ് മൂഴിക്കൽ കുത്തുകേസ് പോലീസ് വീണ്ടും അന്വേഷിച്ചത്.
ഈ അന്വേഷണത്തിൽ മൂന്നുവർഷം മുമ്പ് ഇയാൾ സഹോദരന്റെ വീട്ടിൽ വന്നുപോയതായി പോലീസിന് വിവരം ലഭിച്ചു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്നാറിൽനിന്ന് ഇയാളെ പിടികൂടുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.