ചങ്ങനാശേരി ജനറല്‍ ആശുപത്രിക്ക് 80 കോടിയുടെ പുതിയ കെട്ടിടം
1540787
Tuesday, April 8, 2025 3:37 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ജനറല്‍ ആശുപത്രിയുടെ നവീകരണം യാഥാര്‍ഥ്യത്തിലേക്ക്. ടെന്‍ഡര്‍ നടപടികൾ പൂര്‍ത്തിയായതോടെ നിര്‍മാണം ആരംഭിക്കുന്നതിനായുള്ള പ്രാരംഭ നടപടികളിലേക്ക് കരാര്‍ കമ്പനിയും കടന്നു.
കിഫ്ബി മുഖേന 80 കോടി രൂപ മുടക്കിയാണ് ആധുനികരീതിയില്‍ പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്. നാലു നിലകളിലായി 8381.52 ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിര്‍മിക്കുന്നത്. അത്യാധുനിക നിലവാരത്തിലുള്ള നാല് പ്രധാന ഓപ്പറേഷന് തിയറ്ററുകളും ഒരു മൈനര്‍ ഓപ്പറേഷന് തിയറ്ററും കീമോതെറാപ്പി, ഡയാലിസിസ്, ഓര്‍ത്തോ വിഭാഗം, നേത്രരോഗ വിഭാഗം, സര്‍ജിക്കല്‍ വിഭാഗം, മെഡിക്കല്‍ വിഭാഗം, ഇഎന്‍ടി വിഭാഗം, ത്വക് രോഗ വിഭാഗം എന്നിവ സജ്ജമാക്കും.
നഴ്സുമാര്‍ക്കായി ഡ്യൂട്ടി റൂമുകള്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കുള്ള മുറികള്‍, വയോജന -ശിശു സൗഹൃദ മുറികള്‍ എന്നിവയുമൊരുക്കും. പോലീസ് എയ്ഡ് പോസ്റ്റും സിടി സ്കാന്‍, ഫാര്‍മസി, റേഡിയോളജി വിഭാഗങ്ങളുമുണ്ടാകും.
സര്‍ജിക്കല്‍ വാര്‍ഡുകള്‍, വിശ്രമ മുറികള്‍, പാന്‍ട്രി, ഐസൊലേഷന്‍ മുറി, പ്ലാസ്മ സ്റ്റോര്‍ മുറി, കൗണ്‍സലിംഗ് മുറി, ലിഫ്റ്റ് എന്നീ സംവിധാനങ്ങളും ഒരുക്കും. 25 കോടി രൂപയിലധികം സാങ്കേതിക സംവിധാനങ്ങള്‍ക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുമായി ഉപയോഗപ്പെടുത്തും.
ലോകോത്തര നിലവാരത്തിലുള്ള ചികിത്സ ജനങ്ങള്‍ക്ക് നല്കാന് ഈ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ സഹായിക്കുമെന്ന് ജോബ് മൈക്കിള്‍ എംഎല്‍എ പറഞ്ഞു.