കിടങ്ങൂർ പഞ്ചായത്തിൽ സിപിഎം പ്രസിഡന്റ്
1540639
Monday, April 7, 2025 11:40 PM IST
കിടങ്ങൂര്‍: ബിജെപി വിമതന്റെ പിന്തുണയോടെ പഞ്ചായത്തിൽ എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. അഞ്ചാം വാര്‍ഡ് അംഗം സിപിഎമ്മിലെ ഇ.എം. ബിനു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി അംഗങ്ങളായ നാല് പേരും മുന്‍ പ്രസിഡന്റടക്കം കേരള കോണ്‍ഗ്രസ് അംഗങ്ങളായ മൂന്ന് പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചു.
ബിജെപി ചിഹ്നത്തില്‍ മത്സരിച്ചു വിജയിച്ച ഒന്‍പതാം വാര്‍ഡ് അംഗം കെ.ജി. വിജയനാണ് എല്‍ഡിഎഫിനൊപ്പം നിന്നത്. എതിര് സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ വോട്ടെടുപ്പ് വേണ്ടിവന്നില്ല. അതേസമയം, വിജയനെതിരേ ബിജെപി അംഗങ്ങളും പ്രവര്‍ത്തകരും ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. വൈസ് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ ടീനാ മാളിയേക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇവിടെയും പ്രതിപക്ഷം വിട്ടുനിന്നു.
കഴിഞ്ഞ മാസം പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ പഞ്ചായത്ത് പ്രസിഡന്റിനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം ബിജെപി പ്രതിനിധിയായിരുന്ന കെ.ജി.വിജയന് വോട്ട് ചെയ്തതോടെ പാസായിരുന്നു.
ഇതോടെ ജോസഫ് ഗ്രൂപ്പ് അംഗം തോമസ് മാളിയേക്കലിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി. ഏഴിനെതിരേ എട്ട് വോട്ടിനാണ് അവിശ്വാസം പാസായത്.സിപിഎം മൂന്ന് , കേരള കോണ്‍ഗ്രസ് -എം നാല്, കേരള കോണ്‍ഗ്രസ് മൂന്ന്, ബിജെപി അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷിനില. അവിശ്വാസ വോട്ടെടുപ്പില്‍ ബിജെപി അംഗമായിരുന്ന കെ.ജി. വിജയന്‍കൂടി വോട്ട് ചെയ്തതോടെ എട്ട് വോട്ടിന് അന്ന് അവിശ്വാസം പാസാവുകയായിരുന്നു.