തണ്ണീർമുക്കം ബണ്ട് തുറക്കണമെന്ന ആവശ്യം ശക്തമായി
1540780
Tuesday, April 8, 2025 3:37 AM IST
വൈക്കം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറക്കാൻ വൈകുന്നത് കായൽ മലിനീകരണം വർധിക്കുന്നതിനിടയാക്കുന്നു. നീരൊഴുക്കു നിലച്ച കായലിൽ ഓരുജലപ്രവാഹമുണ്ടാകാത്തതാണ് മലിനീകരണം രൂക്ഷമാക്കുന്നത്. കായൽ മലിനീകരണംമൂലം വേമ്പനാട്ടുകായലിലെ മത്സ്യലഭ്യതയും കുറഞ്ഞു.
രാപകൽ കായലിൽ പണിചെയ്താലും അന്നന്നത്തെ അന്നത്തിനുപോലും വക ലഭിക്കാത്തതിനാൽ കായലിൽ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധി നേരിടുകയാണ്.
സ്വാമിനാഥൻ കമ്മീഷന്റെ കാർഷിക കലണ്ടർ പ്രകാരം ഡിസംബർ 15ഓടെ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ അടയ്ക്കുകയും മാർച്ചിൽ തുറക്കുകയും ചെയ്യണമായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ നിബന്ധന നടപ്പാകുന്നില്ല. നിശ്ചിതസമയം കഴിഞ്ഞ് രണ്ടു മാസത്തിനുശേഷമാണ് കഴിഞ്ഞ തവണയും ബണ്ടിന്റെ ഷട്ടർ തുറന്നത്.
മുൻകാലങ്ങളിൽ ഡിസംബറിൽ അടച്ച് മാർച്ച് ഒടുവിൽ ബണ്ട് തുറന്നപ്പോഴൊക്കെ ഓരുജലപ്രവാഹം മത്സ്യങ്ങളുടെ പ്രജനനത്തിന് സഹായകരമായി. ബണ്ടിന്റെ ഷട്ടർ ഏറെ വൈകിത്തുറന്നാൽ ഓരുജലത്തിൽ പ്രജനനം നടത്തി പെരുകുന്ന മത്സ്യങ്ങളുടെ ലഭ്യതയിൽ കാര്യമായ കുറവ് സംഭവിക്കും.
കാലാവസ്ഥാ വ്യതിയാനവും ബണ്ട് തുറക്കുന്നത് വൈകുന്നതും മത്സ്യങ്ങളുടെ ലഭ്യത കുറച്ചാൽ വേമ്പനാട്ടുകായലിൽ ഊന്നിവല ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളുടെ തൊഴിൽ പ്രതിസന്ധിയിലാക്കും. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടർ തുറക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നത്.