618 ഏക്കര്‍ പൂവം പാടശേഖരത്തെ നെല്ല് കെട്ടിക്കിടക്കുന്നു
1540789
Tuesday, April 8, 2025 3:37 AM IST
ചങ്ങനാശേരി: മില്ലുകാരുടെ തോന്ന്യാസത്തിനു മുമ്പില്‍ സിവില്‍ സ്പ്ലൈസ് വകുപ്പും പാഡി മാര്‍ക്കറ്റിംഗ് അധികൃതരും കുമ്പിട്ടുനില്ക്കുന്നു. നൂറുകണക്കിനു ലോഡ് നെല്ല് പാടശേഖരങ്ങളില്‍ കെട്ടിക്കിടക്കുന്നു. വേനല്‍മഴയുടെ ആശങ്കയില്‍ കര്‍ഷകര്‍ തീരാക്കണ്ണീരില്‍.
പ്രകൃതിയോടും കീടങ്ങളോടും ക്ഷുദ്ര ജീവികളോടും മല്ലടിച്ച് ഉത്പാദിപ്പിച്ച നെല്ലുകൂമ്പാരങ്ങളാണ് കണ്ണുനീര് കൂമ്പാരങ്ങളായി പാടത്ത് കൂടിക്കിടക്കുന്നത്. ചേറില്‍, ചുട്ടുപൊള്ളുന്ന വെയിലത്തു പണിയെടുത്ത് അന്നം ഉത്പാദിപ്പിക്കുന്ന കര്‍ഷകന്റെ രോധനം കേള്‍ക്കാന്‍ ആരുമില്ലേയെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.
ചങ്ങനാശേരി താലൂക്കിലെ 618 ഏക്കറുള്ള പൂവം പാടശേഖരത്ത് നെല്ലെടുക്കാന്‍ മില്ലുകാര്‍ക്ക് വൈമനസ്യമാണ്. ലോഡുകണക്കിനു നെല്ല് പാടശേഖരത്ത് കെട്ടിക്കിടക്കുന്നു. 280 കര്‍ഷകര്‍ ചേര്‍ന്ന് കൃഷിയിറക്കി കൊയ്തുകൂട്ടിയ നെല്ലാണ് 15 ദിവസമായി പാടത്തു കിടക്കുന്നത്. നാലു മില്ലുകാരെയാണ് ഈ പാടശേഖരത്തിൽ നെല്ല് സംഭരണത്തിനായി നിയോഗിച്ചതെങ്കിലും ഇപ്പോള്‍ ഒരു മില്ലുകാരന് വളരെ മന്ദഗതിയില്‍ നെല്ലു സംഭരണം നടത്തുന്നുണ്ട്.
മൂന്നു കിലോ കിഴിവിലാണ് ഇവര്‍ നെല്ലെടുക്കുന്നത്. മഴ ശക്തമായി പെയ്താല്‍ നെല്ല് കിളിർത്തുപോകുന്ന അവസ്ഥയിലാണ്. അടിയന്തരമായി സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാവണമെന്നു കര്‍ഷകര്‍ ആവശ്യപ്പെട്ടു.