കല്ലറയ്ക്കു പിന്നാലെ കടുത്തുരുത്തിയിലും നെല്ല് സംഭരണം നടക്കുന്നില്ല
1540782
Tuesday, April 8, 2025 3:37 AM IST
കടുത്തുരുത്തി: കല്ലറയ്ക്കു പിന്നാലെ കടുത്തുരുത്തിയിലും നെല്ല് സംഭരണം നടക്കുന്നില്ല. പ്രതിസന്ധിയിലായത് വെള്ളാശേരി പാടശേഖരത്തെ കര്‍ഷകര്‍. താരയുടെ പേരിലാണ് ഇവിടെയും സംഭരണം തടസപ്പെട്ടത്. പ്രദേശവാസിയായ ഏജന്റ് നെല്ല് എടുക്കുന്നതിന് നടത്തുന്ന കളികളും സംഭരണത്തിന് തടസം സൃഷ്ടിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
148 ഏക്കറോളം വരുന്ന പാടശേഖരത്ത് 70ഓളം കര്‍ഷകരാണ് കൃഷി ഇറക്കിയിട്ടുള്ളത്. മാര്‍ച്ച് 27ന് ആരംഭിച്ച കൊയ്ത്ത് ഇന്നലെ പൂര്‍ത്തിയായി. ആരിശേരില്‍ ദിനേശന്റെ പാടത്തെ കൊയ്ത്താണ് ആദ്യം നടന്നത്. 3400 ക്വിന്റലോളം നെല്ലാണ് പാടശേഖരത്ത് വിവിധയിടങ്ങളിലായി കൂട്ടിയിട്ടിരിക്കുന്നത്. ആറ്, ആറരക്കിലോ താരയാണ് സംഭരണത്തിനായി ആവശ്യപ്പെടുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. സമീപപ്രദേശങ്ങളിലെ നെല്ല് സംഭരിച്ചത് മൂന്നു കിലോ താരയ്ക്കാണെന്നു കര്‍ഷകര്‍ പറയുന്നു. ഒട്ടും കറവലില്ലാത്ത നെല്ലാണ് ഇവിടത്തേതെന്നും കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
രണ്ടു മില്ലുകാരെയാണ് വെള്ളാശേരി പാടത്തെ നെല്ല് സംഭരിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്. ഇതില്‍ ഒരു മില്ലുകാര്‍ ഇവിടെയെത്തി കര്‍ഷകരെ അറിയിക്കാതെ സാമ്പിളെടുത്ത് പോവുകയായിരുന്നു. രണ്ടാമത്തെ മില്ലുകാരന് ഈവഴി വന്നുമില്ല. സമീപവാസിയായ ഏജന്റിന്റെ നേതൃത്വത്തില്‍ നെല്ല് സംഭരിച്ചോളുമല്ലോ എന്നായിരുന്നു പാഡി ഓഫീസര്‍ പറഞ്ഞതെന്ന് പാടശേഖരസമിതി പ്രസിഡന്റ് അനില്‍ അമ്പാടി പറഞ്ഞു.
ഉദ്യോഗസ്ഥരും സര്‍ക്കാരും കര്‍ഷകരെ സഹായിക്കുന്ന യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ ആക്ഷേപം. പാടത്ത് കൂട്ടിയിട്ടിരിക്കുന്ന നെല്ല് പടുത ഉപയോഗിച്ചു മൂടിയിട്ടിരിക്കുന്ന നിലയിലാണ്.
നെല്ല് ആവിക്കുന്നത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. കൂടാതെ വേനല്‍മഴ പെയ്യുന്നതും കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.