വഖഫ് ഭേദഗതി ബില്ലിൽ പരിഗണിച്ചത് വിഷയത്തിന്റെ മെറിറ്റ്: ജോസ് കെ. മാണി
1540596
Monday, April 7, 2025 10:13 PM IST
കുറവിലങ്ങാട്: വഖഫ് ഭേദഗതി ബില്ലിൽ വിഷയത്തിന്റെ മെറിറ്റ് പരിഗണിച്ചാണ് കേരള കോൺഗ്രസ്-എം നിലപാട് സ്വീകരിച്ചതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി. കേരള കോൺഗ്രസ്-എം മണ്ഡലം പ്രവർത്തകസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംപി.
വഖഫ് ഭേദഗതി ബില്ലിൽ വഖഫ് ബോർഡിലേക്ക് ഇതര മതസ്ഥരെ തിരുകിക്കയറ്റാനുള്ള നിർദേശം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കൈകടത്തലാണെന്ന നിലപാടാണ് കേരള കോൺഗ്രസ്-എം സ്വീകരിച്ചത്. നാളെ ദേവസ്വം ബോർഡുകളിലേക്കും ക്രൈസ്തവ സ്ഥാപനങ്ങളുടെ നടത്തിപ്പു സംവിധാനങ്ങളിലേക്കും ഇത് ആവർത്തിക്കപ്പെടാമെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ ആ നിർദേശത്തെ എതിർത്തത്. മുനമ്പം നിവാസികൾക്ക് നീതി ലഭിക്കുന്ന ഏതൊരു നീക്കത്തിലും കേരള കോൺഗ്രസ്-എം പൂർണ പിന്തുണ നൽകും. വഖഫ് ഭേദഗതി ബിൽ സംബന്ധിച്ച് കെസിബിസിയും സിബിസിഐയും ഉന്നയിച്ച ആശങ്കകൾക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന ഉറച്ച നിലപാടാണ് പാർട്ടിക്കുള്ളതെന്നും ജോസ് കെ. മാണി പറഞ്ഞു.
ബിജെപിയുടെ ക്രൈസ്തവസ്നേഹം
കാപട്യം: കേരള കോൺഗ്രസ്-എം
ഈരാറ്റുപേട്ട: ബിജെപി ഇപ്പോൾ കാണിക്കുന്ന ക്രൈസ്തവസ്നേഹം കാപട്യമാണെന്ന് കേരള കോൺഗ്രസ്-എം പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം. വഖഫ് ബില്ലിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തി ന്യൂനപക്ഷ വിഭാഗങ്ങളെ തമ്മിലടിപ്പിക്കാനുള്ള ഹീനതന്ത്രമാണ് ബിജെപിയുടേതെന്നും യോഗം വിലയിരുത്തി.
നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ കുന്നത്ത് അധ്യക്ഷത വഹിച്ച യോഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
ഒന്പതിന് കോട്ടയത്ത് നടക്കുന്ന കെ.എം. മാണി അനുസ്മരണ സ്മൃതിസംഗമത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിൽനിന്നും 500 പ്രവർത്തകരെയും 29നു കോട്ടയത്ത് നടക്കുന്ന മന്ത്രിസഭാ വാർഷിക സമ്മേളനത്തിൽ 2000 പ്രവർത്തകരെയും പങ്കെടുപ്പിക്കാൻ യോഗത്തിൽ തീരുമാനിച്ചു.