പൂഞ്ഞാറിൽ കർഷകന്റെ കൃഷിയിടത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പിച്ചില്ലുകളും ഒഴുകിയെത്തി മത്സ്യകൃഷി നശിച്ചു
1540595
Monday, April 7, 2025 10:13 PM IST
പാലാ: പഞ്ചായത്തിലെ ഹരിതകര്‍മസേന ശേഖരിച്ചു വച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും കുപ്പിച്ചില്ലുകളും ഒഴുകിയെത്തി മത്സ്യകൃഷി നശിച്ചു. ഇവ നീക്കം ചെയ്യാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന പരാതിയുമായി കര്ഷകന്. പൂഞ്ഞാര്‍ ചാമക്കാലായില്‍ സി.ഡി. ആദര്ശ്കുമാറാണ് ഇതു സംബന്ധിച്ച് മന്ത്രിക്കും അധികൃതര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്.
മികച്ച കര്ഷനുള്ള അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആദര്‍ശിന്റെ കുളത്തില്‍ പ്ലാസ്റ്റിക്കും കുപ്പിച്ചില്ലുകളും നിറഞ്ഞു കിടക്കുകയാണ്. മത്സ്യകൃഷിക്ക് 75,000 രൂപ വരെ സബ്സിഡി ലഭിച്ചിരുന്നതാണ്.
30 സെന്റ് സ്ഥലത്ത് നിര്‍മിച്ച കുളത്തിനു സമീപമുള്ള അങ്കണവാടി കെട്ടിടത്തില്‍ ഹരിതകര്‍മസേന പ്ലാസ്റ്റിക്കും ചില്ലുകുപ്പികളും ശേഖരിച്ചു തുടങ്ങിയതോടെയാണ് ദുരിതം തുടങ്ങിയതെന്ന് ആദര്‍ശ് പറയുന്നു. അങ്കണവാടിയോടു ചേര്‍ന്നൊഴുകുന്ന തോട്ടിലെ കുത്തൊഴുക്കില്‍ ആദര്‍ശിന്റെ മീന്‍കുളത്തില്‍ പ്ലാസ്റ്റിക്കും കുപ്പിച്ചില്ലും നിരന്നു. ടണ്‍ കണക്കിനു മീന്‍ വിളഞ്ഞിരുന്ന കുളത്തില്‍ പ്ലാസ്റ്റിക് നിരന്നതോടെ മത്സ്യകൃഷി നശിച്ചു. വന്‍ തോതില്‍ ഒഴുകിയെത്തിയ പ്ലാസ്റ്റിക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു പഞ്ചായത്തിനു നിരവധിത്തവണ പരാതികള്‍ നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല.
നീണ്ട കാലത്തെ പോരാട്ടത്തെത്തുടര്‍ന്ന് അങ്കണവാടിക്കെട്ടിടത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. എന്നാല്‍ കുളത്തിന്റെ അടിത്തട്ടില്‍ വന്‍തോതില്‍ അടിഞ്ഞിരിക്കുന്ന കുപ്പിച്ചില്ലും പ്ലാസ്റ്റിക്കും നീക്കം ചെയ്യാൻ നടപടിയുണ്ടായില്ല.