വൈദികനെ ആക്രമിച്ചതിൽ പ്രതിഷേധമറിയിച്ച് ജയ്ഗിരി ഇടവക
1540572
Monday, April 7, 2025 7:22 AM IST
കുറവിലങ്ങാട്: ഒഡീഷയിൽ അകാരണമായി മലയാളിവൈദികനെ മർദിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ച് മാതൃ ഇടവക. ഒഡീഷയിലെ ബെർഹാംപുർ ജൂബ ഇടവക വികാരി ഫാ. ജോഷി വലിയകുളത്തിനെ മർദിച്ച സംഭവത്തിലാണ് ജയ്ഗിരി ക്രിസ്തുരാജ ഇടവക പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
വികാരി ഫാ. തോമസ് മലയിൽപുത്തൻപുരയുടെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് ഇടവക പ്രതിഷേധമറിയിച്ചത്. സെക്രട്ടറി ഡൊമിനിക് സാവിയോ പ്രമേയം അവതരിപ്പിച്ചു. അകാരണമായി നടത്തിയ ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്ന് യോഗം ആരോപിച്ചു.
സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും പാവങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മിഷനറിമാരെ അക്രമിക്കുന്ന മതമൗലികവാദികളുടെ പ്രവർത്തനം ആവർത്തിക്കപ്പെടരുതെന്ന് യോഗം മുന്നറിയിപ്പ് നൽകി.
മതിയായ അന്വേഷണത്തിന് നിർദേശം നൽകാൻ കേരള സർക്കാരും നടപടികൾക്ക് നേതൃത്വം നൽകാൻ ഒഡീഷ സർക്കാരും തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.