കല്ലറയിലെ കര്‍ഷകര്‍ക്ക് കണ്ണീര്‍കാലം
1540570
Monday, April 7, 2025 7:22 AM IST
കടുത്തുരുത്തി: കല്ലറയിലെ കര്‍ഷകര്‍ക്ക് കണ്ണീര്‍കാലം. പുഞ്ചകൃഷിയുടെ നെല്ലുസംഭരണം വൈകുന്നത് കല്ലറയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. വിളവെടുപ്പിന്റെ അവസാന ഘട്ടത്തിലേക്കു വന്നതോടെ മിക്ക പാടശേഖരങ്ങളിലും കിഴിവ് (താര) തര്‍ക്കത്തെത്തുടര്‍ന്ന് നെല്ലുസംഭരണം വൈകുകയാണ്. കൊയ്ത്ത് പൂര്‍ത്തിയായ 157 ഹെക്ടറിലെ നെല്ലാണ് കയറിപ്പോകാത്തതിനാല് പാടത്ത് കൂട്ടിയിട്ടിരിക്കുന്നത്.
70 ടണ്ണോളം നെല്ല് പല പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുകയാണ്. 725 ഹെക്ടറിലാണ് കല്ലറയില്‍ ഇത്തവണ പുഞ്ചകൃഷിയിറക്കിയത്. ഇതില്‍ 675 ഹെക്ടറിലെ വിളവെടുപ്പും പൂര്‍ത്തിയായി. 50 ഹെക്ടറാണ് കൊയ്യാനുള്ളത്. ഇത് ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് കല്ലറ കൃഷി ഓഫീസര്‍ രശ്മി എസ്. നായര്‍ പറഞ്ഞു.
മറ്റത്തില്‍ കുന്നേല്ക്കരി, മണിയന്തുരുത്ത് കുഴിപ്പടവ്, പോട്ടപറിച്ചകരി തുടങ്ങിയ ഒരു മാസത്തിനിടെ കൊയ്ത പാടത്തെല്ലാം കിഴിവ് തര്‍ക്കത്തെത്തുടര്‍ന്ന് ആഴ്്ചകളോളം നെല്ല് പാടത്തുതന്നെ കിടന്ന ശേഷമാണ് കയറിപ്പോയത്.
കല്ലറയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ മാലിക്കരിയില് 45 ടണ്‍ നെല്ല് 18 ദിവസമായി പാടത്ത് കിടക്കുകയാണ്. 23 കിലോ കിഴിവാണ് 100 ക്വിന്റല്‍ നെല്ല് സംഭരിക്കാനായി മില്ലുകാര്‍ ചോദിക്കുന്നത്.
വേനല്‍ മഴ ശക്തമായതോടെ മുഴുവന്‍ സമയവും നെല്ല് സുരക്ഷിതമായി സൂക്ഷിക്കാനായി പാടത്തുതന്നെയാണ് കര്‍ഷകരെന്ന് അകത്താംതറ പാടശേഖരസമിതി കണ്‍വീനര്‍ കെ.എം. രാഘവന് പറഞ്ഞു.
അടിമത്രക്കരി പാടശേഖരത്ത് കൊയ്ത്ത് പൂര്‍ത്തിയായിട്ട് 12 ദിവസം കഴിഞ്ഞു. രാപകല്‍ നെല്ലിന് കാവലിരിക്കേണ്ട ഗതികേടിലാണ് കര്‍ഷകരെന്ന് പാടശേഖരസമിതി സെക്രട്ടറി പി.എസ്. സനോജ് പറയുന്നു.
രാത്രി വേനല്‍മഴയെ പേടിക്കുന്നതിനൊപ്പം സാമൂഹ്യവിരുദ്ധര്‍ പാടത്തേക്ക് തൂമ്പ് തുറന്നുവിടാതിരിക്കാനും ഉറക്കമിളച്ചു കാവലിരിക്കേണ്ട ദുരവസ്ഥയിലാണ് കര്‍ഷകര്‍.