റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയിൽ
1540584
Monday, April 7, 2025 7:36 AM IST
മാന്നാർ: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ഒരാൾ പിടിയിൽ. റെയിൽവേയിൽ ടിടിആർ ആയി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ആളിനെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കണിയാപുരം മാലിയ വീട്ടിൽ എ.പി. ഇബ്രാഹിംകുട്ടി (54) ആണ് പിടിയിലായിരിക്കുന്നത്.
2021 ലാണ് കേസിന് ആസ്പദമായ സംഭവം. മകന് ജോലി നൽകാമെന്ന് പറഞ്ഞ് മാന്നാർ സ്വദേശിയായ മോഹനകുമാറിൽനിന്നും 18 ലക്ഷം രൂപയാണ് പ്രതി തട്ടിയെടുത്തത്. റെയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥൻ എന്ന വ്യാജേന റെയിൽവേയുടെ മുദ്ര പതിപ്പിച്ച ബോർഡ് വച്ച വാഹനത്തിൽ എത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
തിരുവല്ലയിലെ ഹോട്ടലിൽ വച്ച് 5 ലക്ഷം രൂപയും പിന്നീട് 90 ദിവസത്തിനുള്ളിൽ ജോലിയിൽ പ്രവേശിക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് മോഹനകുമാറിന്റെ വീട്ടിലെത്തിയ പ്രതി ബാക്കി തുകയും തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പല അവധികൾ പറയുകയും പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ മോഹനകുമാർ പോലിസിൽ പരാതി നൽകുകയുമായിരുന്നു.
കേസ് എടുത്തത് അറിഞ്ഞ പ്രതി ജില്ലാ കോടതിയിലും ഹൈക്കോടതിയിലും മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതിനെതുടർന്ന് അറസ്റ്റിന് സ്റ്റേ വാങ്ങി കഴിയുകയായിരുന്ന പ്രതിയെ സ്റ്റേയുടെ കാലാവധി നീങ്ങിയതോടെയാണ് തിരുവനന്തപുരം ആക്കുളത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്നു പോലീസ് പിടികൂടിയത്.
മാന്നാർ പോലീസ് ഇൻസ്പെക്ടർ രജീഷ് കുമാറിന്റെ നിർദേശപ്രകാരം എസ് ഐ സി.എസ്. അഭിരാം, എഎസ്ഐ റിയാസ്, പ്രൊബേഷൻ എസ്ഐ ജോബിൻ, സീനിയർ സിപിഒ അജിത്ത്, സിപിഒ ഹരിപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
റെയിൽവേയുടെ നിയമന ഉത്തരവ് ഉൾപ്പെടെയുള്ള വ്യാജ രേഖകളും പ്രമുഖരായ രാഷ്ട്രീയ നേതാക്കളുമായുള്ള ഫോട്ടോ കാണിച്ച് ഇവരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചുമാണ് പ്രതി ആളുകളെ വലയിലാക്കിയിരുന്നതെന്നും ഇയാൾക്കെതിരേ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഉള്ളതായും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.