മുണ്ടക്കയം മേഖലയിൽ ഹയർ സെക്കൻഡറി സ്കൂൾ വേണമെന്ന ആവശ്യം ശക്തം
1540628
Monday, April 7, 2025 11:20 PM IST
മുണ്ടക്കയം: മുണ്ടക്കയം ടൗൺ കേന്ദ്രമായി ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന ആവശ്യം ശക്തമാകുന്നു. ടൗണിലും സമീപപ്രദേശങ്ങളിലുമായുള്ള ഹൈസ്കൂളുകളിൽനിന്ന് ഓരോ വർഷവും ആയിരത്തിലധികം വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷ പാസാക്കുന്നത്. ഇതിൽ നൂറിലധികം വിദ്യാർഥികൾ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് കരസ്ഥമാക്കുന്നുണ്ട്. എന്നാൽ, ഇവർ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് മറ്റു മേഖലകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
മുണ്ടക്കയം പഞ്ചായത്തിൽ മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാത്രമാണ് പ്ലസ് വൺ, പ്ലസ് ടു ബാച്ചുകൾ ഉള്ളത്. ഇവിടെയുള്ള 200ഓളം സീറ്റുകൾ ഒഴിച്ചാൽ ബാക്കിയുള്ള വിദ്യാർഥികൾ ദിവസവും 15-20 കിലോമീറ്റർ യാത്ര ചെയ്തുവേണം ഉപരിപഠനം നേടാൻ. ഇതിൽ കൂടുതലും ബുദ്ധിമുട്ടുന്നതു പെൺകുട്ടികളാണ്. സ്പെഷൽ ക്ലാസ് കഴിഞ്ഞ് ബസ് കയറി മുണ്ടക്കയത്തെത്തി തിരികെ വീട്ടിൽ എത്തുമ്പോഴേക്കും നേരം വൈകും. ഇതോടെ മാതാപിതാക്കളുടെ ആധിയും വർധിക്കും. മുണ്ടക്കയം കേന്ദ്രീകരിച്ച് ഹയർ സെക്കൻഡറി സ്കൂൾ ആരംഭിച്ചാൽ ആയിരക്കണക്കിനു വിദ്യാർഥികൾക്ക് ഉപകാരപ്പെടും.
കൂട്ടിക്കൽ പഞ്ചായത്തിലെ ഏന്തയാർ, പെരുവന്താനം പഞ്ചായത്തിലെ ചുഴുപ്പ്, കൊക്കയാർ പഞ്ചായത്തിലെ കുറ്റിപ്ലാങ്ങാട്, കോരുത്തോട് എന്നിവിടങ്ങളിലാണ് മറ്റു ഹയർ സെക്കൻഡറി സ്കൂളുകൾ ഉള്ളത്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനമെന്ന ആവശ്യവുമായി വിവിധ മാനേജ്മെന്റുകളും രാഷ്ട്രീയ പാർട്ടികളുമെല്ലാം നിരവധിത്തവണ അധികാരികൾക്കു നിവേദനങ്ങൾ നൽകിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല.
മുണ്ടക്കയം ടൗണിനു സമീപത്തുള്ള സെന്റ് ആന്റണീസ്, സെന്റ് ജോസഫ്, സിഎംഎസ് എന്നീ മൂന്നു ഹൈസ്കൂളുകളിൽ എവിടെയെങ്കിലും ഒരു ഹയർ സെക്കൻഡറി ബാച്ച് അനുവദിച്ചാൽ വിദ്യാർഥികളുടെ ദുരിതത്തിനു പരിഹാരമാകും.