ചെത്തിപ്പുഴ ആശുപത്രിയില്‍ "കവചം സീസണ്-3' ലഹരിവിരുദ്ധ പരിപാടിക്കു തുടക്കമായി
1540788
Tuesday, April 8, 2025 3:37 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി കവചം സീസണ്-3നു തുടക്കമായി. ലഹരിക്കെതിരേ ജനകീയ മുന്നേറ്റം സൃഷ്ടിക്കുക, സ്കൂള്‍-കോളജ് വിദ്യാര്‍ഥികളില്‍ മയക്കുമരുന്നടക്കമുള്ള ലഹരി ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ചു വരുന്ന കവചം ഇത്തവണ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് മാതാപിതാക്കളുടെ പരിശീലനത്തിലാണ്.
കഴിഞ്ഞതവണ വിദ്യാര്‍ഥികളുടെയും അതിനുമുമ്പുള്ള വര്‍ഷം പൊതുജനങ്ങളുടെയും ബോധവത്കരണത്തിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. മക്കളിലുണ്ടാവുന്ന മാറ്റങ്ങള്‍, ലഹരിവസ്തുക്കളുടെ സാന്നിധ്യമുള്ള ഇടങ്ങള്‍, ലഹരിവസ്തുക്കളുടെ വിപണനവും പ്രചാരണവും ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍, കൗണ്‍സലിംഗ്, നിയമസഹായങ്ങള്‍, ചികിത്സാ സാധ്യതകള്‍ എന്നിവയെല്ലാം കവചം സീസണ്-3യുടെ ഭാഗമാണ്.
സൗജന്യമായി സംഘടിപ്പിക്കുന്ന ഈ ബോധവത്കരണ പരിപാടി ഓരോ മാസവും രണ്ടിലധികം പ്രധാന കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9207846999 എന്ന നമ്പറില്‍ ബന്ധപ്പെടുക.
എക്സൈസ് ജോയിന്റ് കമ്മീഷണർ ആര്. ജയചന്ദ്രന് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ സാമൂഹികവും സാംസ്കാരികവുമായ ബോധം വളര്‍ത്താന്‍ പൊതുസമൂഹം ഒന്നിച്ചു നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂള്‍ കുട്ടികളില്‍ ലഹരിവിരുദ്ധ അവബോധം ശക്തിപ്പെടുത്തുന്നതിനായി വിവിധ ഇടങ്ങളില്‍ സംഘടിപ്പിച്ച കവചം സീസണ് 2ല്‍ കൗണ്‍സലിംഗിനും അവബോധ ക്ലാസുകള്‍ക്കും നേതൃത്വം നല്കിയ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റുമാരായ അക്ഷയ് കെ. വര്‍ക്കി, ശ്രീജിത് നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു. പൊടിപ്പാറ ഹോളിഫാമിലി ഇടവക വികാരി ഫാ. സോണി മുണ്ടുനടയ്ക്കല്‍, ഫാ. ജോഷി മുപ്പതില്‍ചിറ, ശ്രീജിത്ത് നായര്‍, പോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.