കാർ ട്രാൻസ്ഫോർമറിൽ ഇടിച്ചുമറിഞ്ഞു
1540777
Tuesday, April 8, 2025 3:37 AM IST
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ റോഡരികിലെ ട്രാൻസ്ഫോർമറിലും റിഫ്ലക്ടർ പോസ്റ്റിലുമിടിച്ച് റോഡിന് കുറുകെ മറിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്രഹ്മമംഗലം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിക്ക് മുൻവശത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയായിരുന്നു അപകടം.
കെഎസ്ഇബി ട്രാൻസ്ഫോർമറിന്റെ സംരക്ഷണവേലിയും റോഡരികിലെ റിഫ്ലക്ടർ പോസ്റ്റും തകർത്തശേഷം കാർ റോഡിന് കുറുകെ മറിയുകയായിരുന്നു. സംഭവസമയത്ത് റോഡിൽ വാഹനങ്ങളോ കാൽനടയാത്രക്കാരോ ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. അപകടത്തെത്തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.