മരം കടപുഴകി ലയത്തിനു മുകളിൽ വീണു; വീട്ടിലുള്ളവർ അദ്ഭുതകരമായി രക്ഷപ്പെട്ടു
1540322
Sunday, April 6, 2025 11:53 PM IST
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിന്റെ മണിക്കൽ ഡിവിഷനിൽ തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് മുകളിലേക്ക് മരം കടപുഴകി വീണു. ലയത്തിലുള്ളവർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
എസ്റ്റേറ്റിലെ ഡ്രൈവർ കൊല്ലക്കുഴിയിൽ ഗിരീഷ് താമസിക്കുന്ന ലയത്തിന് മുകളിലാണ് സമീപത്തുനിന്ന പ്ലാവ് വീണത്. സംഭവം നടക്കുമ്പോൾ ഗിരീഷും ഭാര്യയും രണ്ട് കുട്ടികളും ലയത്തിനുള്ളിൽ ഉണ്ടായിരുന്നു. അപകടത്തിൽ ഗിരീഷിന്റെ ഭാര്യ മായയുടെ കാലിനു പരിക്കേറ്റു. മക്കളായ ഗോവിന്ദ്, മാധവ് അടക്കം നാലു പേരെയും മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകുന്നേരം നാലോടുകൂടിയാണ് സംഭവം. മഴയോടൊപ്പം എത്തിയ ശക്തമായ കാറ്റിൽ ലയത്തിനു സമീപം നിന്ന മരം കടപുഴകി വീഴുകയായിരുന്നു. ഇതേത്തുടർന്ന് ലയം ഭാഗികമായി തകർന്നു. വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികളായ 11 പേർക്ക് ഇടിമിന്നലിൽ പരിക്കേറ്റിരുന്നു. വേനൽ മഴയോടൊപ്പം എത്തുന്ന ശക്തമായ കാറ്റും ഇടിമിന്നലും മലയോര മേഖലയിൽ അപകടങ്ങൾ വർധിപ്പിക്കുകയാണ്.