കെ.എം. മാണി "തണല്‍’ വിശ്രമകേന്ദ്രം ഇന്നു നാടിനു സമര്‍പ്പിക്കും
1540640
Monday, April 7, 2025 11:40 PM IST
കോട്ടയം: മുന്‍മന്ത്രി കെ.എം. മാണിയുടെ സ്മരണാര്‍ഥം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് കോഴായില്‍ സയന്‍സ് സിറ്റിക്ക് മുന്‍വശത്ത് ബ്ലോക്ക് ആസ്ഥാനത്തിനു സമീപമായി നിര്‍മിച്ച കെ.എം. മാണി തണല്‍ വിശ്രമ കേന്ദ്രം ഇന്നു നാടിനു സമര്‍പ്പിക്കും.
സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കുടുംബശ്രീ പ്രീമിയം കഫേയുടെ സംസ്ഥാനതല ഉദ്ഘാടനവും നടക്കും. ഉച്ചയ്ക്ക് 12ന് കുടുംബശ്രീ പ്രീമിയം കഫേയുടെ സംസ്ഥാനതല ഉദ്ഘാടനവും കെ.എം. മാണി ഛായാചിത്രം അനാച്ഛാദനവും മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. കെ.എം. മാണി തണല്‍ വിശ്രമകേന്ദ്രം സമര്‍പ്പണം ജോസ് കെ. മാണി എംപിയും ആധുനിക സൗകര്യങ്ങളോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍ സമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗറും നിര്‍വഹിക്കും. മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. കുടുംബശ്രീ മിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന് സംസ്ഥാനതല പ്രീമിയം കഫേ പദ്ധതി വിശദീകരണം നടത്തും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
സംസ്ഥാനത്തെ ഏറ്റവും മികച്ച ടേക്ക് എ ബ്രേക്ക് സംരംഭമായി 2023 സെപ്റ്റംബര്‍ 25ന് നിര്‍മാണം ആരംഭിച്ച കെ.എം. മാണി തണല്‍ വിശ്രമ കേന്ദ്രം ജില്ലാ പഞ്ചായത്ത് 2.52 കോടി, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 70 ലക്ഷം രൂപയും വിനിയോഗിച്ചാണ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 20 സെന്റ് സ്ഥലത്ത് 13,046 ചതുരശ്ര അടി വിസ്തൃതിയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.
കുടുംബശ്രീ പ്രമീയം കഫേ പ്രത്യേകതകള്‍
പ്രവര്‍ത്തന സമയം രാവിലെ ആറു മുതല്‍ രാത്രി 11 വരെ
13,046 സ്ക്വയര്‍ ഫീറ്റ് വിസ്തീര്‍ണം
150 സീറ്റ് എസി കോണ്‍ഫറന്‍സ് ഹാള്‍
ഡോര്‍മെട്രിയും റൂമുകളും ഉള്‍ക്കൊള്ളുന്ന ഷീ ലോഡ്ജ്
40 കുടുംബശ്രീ വനിതകള്‍ക്ക് നേരിട്ട് തൊഴിലവസരം
മികച്ച ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍
ഭിന്നശേഷി സൗഹൃദ സംവിധാനങ്ങള്‍
വിശാലമായ പാര്‍ക്കിംഗ്
കാറ്ററിംഗ്, ഓണ്‍ലൈന്‍ സേവന സൗകര്യം
എട്ടു പഞ്ചായത്തുകളില്‍നിന്ന് 32 കുടുംബശ്രീ വനിതകള്‍ ഉള്‍പ്പെടുന്ന വനിതകളുടെ നേതൃത്വം