ലഹരിക്കെതിരേ മലകയറി മുത്തിയമ്മയുടെ മക്കൾ
1540577
Monday, April 7, 2025 7:36 AM IST
കുറവിലങ്ങാട്: സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരേ കുരിശിന്റെ വഴിയിലൂടെ നടന്ന് ആയിരങ്ങൾ. മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന ഇടവകാംഗങ്ങളാണ് കുരിശിന്റെ വഴിയിൽ അണിനിരന്ന് പ്രാർഥനയുടെ കരുത്ത് സമ്മാനിച്ചത്.
അമ്പതുനോമ്പിലെ വെള്ളിയാഴ്ചകളിലെ കുരിശിന്റെ വഴിയിലാണ് ലഹരിയിൽനിന്ന് സമൂഹം പിന്തിരിയാനുള്ള കരുത്തിനായി ഇടവകയൊന്നാകെ പ്രാർഥിച്ചത്. ആഘോഷമായ കുരിശിന്റെ വഴിയിൽ ലഹരിക്കെതിരേ പേരാടാനുള്ള കരുത്തിനായുള്ള പ്രത്യേക നിയോഗവും സമർപ്പിക്കപ്പെട്ടു.
ജൂബിലി കപ്പേളയിൽനിന്നാരംഭിച്ച് മുത്തിയമ്മ മലയിലേക്കു നടന്ന കുരിശിന്റെ വഴിക്ക് ഇടവകയിലെ വിശ്വാസപരിശീലനകേന്ദ്രം, ചെറുപുഷ്പ മിഷൻലീഗ്, മാതൃവേദി, ആറ്, ഏഴ് വാർഡുകൾ എന്നിവ നേതൃത്വം നൽകി.