ആക്രമണങ്ങൾ ആശങ്കാജനകം: കുടമാളൂർ പള്ളി പ്രതിനിധിയോഗം
1540561
Monday, April 7, 2025 7:10 AM IST
കുടമാളൂർ: ബോധപൂർവമായ ക്രൈസ്തവ വിരുദ്ധതയും ആക്രമണങ്ങളും ആശങ്കാജനകമാണെന്ന് കുടമാളൂർ പള്ളി പ്രതിനിധി യോഗം. സിനിമകളിലൂടെയും വിവിധ നവമാധ്യമങ്ങളിലൂടെയും ആസൂത്രിതമായി വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ വിവരങ്ങൾ പങ്കുവച്ച് ക്രൈസ്തവ വിരുദ്ധത സൃഷ്ടിക്കുന്നതും ക്രൈസ്തവ വിശ്വാസികൾ പരിപാവനമായി കാണുന്ന വിശ്വാസ പ്രതീകങ്ങളെ സിനിമകളിലുൾപ്പെടെ പരസ്യമായി അവഹേളിക്കുന്നതും തിരുത്തപ്പെടേണ്ടതും ആശങ്കാജനകവുമാണ്.
മധ്യപ്രദേശിലെ ജബൽപുരിൽ ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ക്രൈസ്തവരെ ഭരണഘടനാപരമായ മത പരിശീലന അവകാശം നിഷേധിച്ച് പോലീസ് നോക്കി നിൽക്കെ അക്രമികൾ കൈയേറ്റം ചെയ്തത് പ്രതിഷേധാർഹമാണ്. ആക്രമണത്തെ യോഗം ശക്തമായി അപലപിച്ചു. ആക്രമണത്തിനിരയായവർക്ക് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും സഹായം ഉറപ്പാക്കണമെന്ന് യോഗം അവശ്യപ്പെട്ടു.
കുടമാളൂർ യുവദീപ്തിയുടെ അഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും ഇ- മെയിൽ അയച്ചു. വഖഫ് ബോർഡിന്റെ അനിയന്ത്രിത അധികാരത്തെ ഭേദഗതി ചെയ്ത പാർലമെന്റ് നടപടിയെ യോഗം സ്വാഗതം ചെയ്തു. ന്യൂനപക്ഷ സമുദായങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നു യോഗം ആവശ്യപ്പെട്ടു.
ആർച്ച് പ്രീസ്റ്റ് ഡോ. മാണി പുതിയിടം അധ്യക്ഷത വഹിച്ച യോഗത്തിൽ പിആർഒ അഡ്വ. ജോർജ് ജോസഫ് പ്രമേയം അവതരിപ്പിച്ചു. പാരീഷ് കൗൺസിൽ സെക്രട്ടറി ഫ്രാങ്ക്ളിൻ ജോസഫ്, സണ്ണി ജോർജ് ചാത്തുകുളം, ജോയി ജോസഫ് കല്ലമ്പള്ളിൽ എന്നിവർ പ്രസംഗിച്ചു.