തിടനാട് ഗവ. വൊക്കേഷണൽ എച്ച്എസ്എസിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചു
1540626
Monday, April 7, 2025 11:20 PM IST
ഈരാറ്റുപേട്ട: തിടനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്മെന്റ് സെന്റർ അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. എസ്എസ്കെ മുഖാന്തിരം 21.5 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
കുട്ടികൾക്ക് തൊഴിലധിഷ്ഠിത മേഖലകളിലെ പ്രായോഗിക അറിവുകൾ നേടുന്നതിനും നൂതന തൊഴിൽ സാധ്യതകളെക്കുറിച്ച് മനസിലാക്കുന്നതിനും പദ്ധതി സഹായകരമാകും. പദ്ധതിയുടെ ഭാഗമായി ഫിറ്റ്നസ് ട്രെയിനർ, കോസ്മെറ്റോളജിസ്റ്റ് എന്നീ കോഴ്സുകളാണ് സ്കൂളിന് അനുവദിച്ചിട്ടുള്ളത്. കോഴ്സ് ഒന്നിന് അഞ്ചു ലക്ഷം രൂപ പ്രകാരം ആവശ്യമായ ലാബ് സൗകര്യങ്ങൾ ഒരുക്കുന്നതിനും പഠനോപാധികളും മറ്റും വാങ്ങുന്നതിനും ആവശ്യമായ ഫർണിഷിംഗ് സൗകര്യങ്ങൾ ഒരുക്കുന്നതിനുമാണ് നൽകുക.
പദ്ധതി കോ-ഓർഡിനേറ്റർ, പരിശീലനം നൽകുന്ന അധ്യാപകർ എന്നിവർക്കുള്ള ശമ്പളം, വിദ്യാർഥികൾക്കുള്ള മറ്റ് സൗകര്യങ്ങൾ എന്നീ ചെലവുകൾ ഉൾപ്പെടെയാണ് 21.5 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളത്. ഫിറ്റ്നസ് കോഴ്സിന് 35ഓളം പഠനോപാധികളാണ് ലഭ്യമാക്കുക. കോസ്മെറ്റോളജി പഠനത്തിന് ആവശ്യമായ 250ഓളം അവശ്യവസ്തുക്കളും ലഭ്യമാക്കും. കൂടാതെ കോഴ്സിന്റെ ഭാഗമായി ഓൺ ജോബ് ട്രെയിനിംഗും നൽകും.
ഒരു ബാച്ചിലേക്ക് 25 കുട്ടികൾക്കു പ്രവേശനം നൽകും. പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളുടെയും മറ്റും ടെൻഡർ നടപടികൾ നടന്നുവരുന്നതായും എംഎൽഎ അറിയിച്ചു.