സ്കൂട്ടര്‍ ഓടിച്ച പതിനാറുകാരന് കാറിടിച്ചു മരിച്ചസംഭവം: അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചയാളും കുട്ടിയുടെ പിതാവും പ്രതികള്‍
1540786
Tuesday, April 8, 2025 3:37 AM IST
ചങ്ങനാശേരി: സ്കൂട്ടര്‍ ഓടിച്ച പതിനാറുകാരന് അപകടത്തില്‍ മരിച്ച സംഭവത്തില്‍ അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചയാളെയും കുട്ടിയുടെ പിതാവിനെയും പ്രതിയാക്കി പോലീസ് കേസെടുത്തു. കഴിഞ്ഞ 29ന് ചങ്ങനാശേരി വാഴൂര്‍ റോഡില്‍ വെരൂര്‍ എസ്റ്റേറ്റ് പടിയിലാണ് സംഭവം. പിതാവിന്റെ പേരിലുള്ള സ്കൂട്ടറില്‍ രാത്രി കൂട്ടുകാരനുമൊത്തു സിനിമയ്ക്ക് പോകുന്നതിനിടയിലാണ് പതിനാറുകാരന് അപകടത്തില്‍ മരിച്ചത്.
എസ്റ്റേറ്റ്പടി ഭാഗത്ത് വച്ച് എതിരേ വന്ന കാര്‍ സ്കൂട്ടറില്‍ വന്നിടിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആള് മരിച്ചിരുന്നു. കൂടെയാത്ര ചെയ്ത കുട്ടിക്കും ഗുരുതര പരിക്കേറ്റു.
അപകടം ഉണ്ടാക്കിയതിന്റെ പേരില്‍ കാര്‍ ഡ്രൈവര്‍ക്കും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ അനുവാദം കൊടുത്തതിന്റെ പേരില്‍ പിതാവിനെതിരേയുമാണ് പോലീസ് കേസെടുത്തത്. കേരള മോട്ടോര്‍ വാഹന നിയമപ്രകാരമാണ് രജിസ്റ്റേർഡ് ഓണറായ കുട്ടിയുടെ പിതാവിനെ പ്രതി ചേര്‍ത്തത്.
ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഒരു കാരണവശാലും വാഹനം കൈകാര്യം ചെയ്യാന്‍ അനുവദിക്കരുതെന്നും അവധിക്കാലമായതിനാല്‍ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് അറിയിച്ചു.