ചരിത്രപഠനം മോശമെന്നു കരുതുന്നവർ ഏറുന്നു: മന്ത്രി പി. പ്രസാദ്
1540316
Sunday, April 6, 2025 11:52 PM IST
ഉഴവൂർ: ചരിത്രപഠനം മോശമാണെന്നു കരുതുന്നവർ ഏറിവരികയാണെന്ന് മന്ത്രി പി. പ്രസാദ്. ഇ.ജെ. ലൂക്കോസ് സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ സെന്റ് സ്റ്റീഫൻസ് പള്ളിയങ്കണത്തിന് സമീപം നാടിന്റെ പ്രമുഖ വ്യക്തികളുടെ പ്രതിമകൾ അനാച്ഛാദനം ചെയ്ത ശേഷമുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഡോ. കെ.ആർ. നാരായണൻ, സെന്റ് സ്റ്റീഫൻസ് പള്ളി സ്ഥാപനത്തിന് നേതൃത്വം നൽകിയ കുമ്മനത്ത് ഇട്ടൂപ്പ് കത്തനാർ, ജോസഫ് ചാഴികാടൻ, ഇ.ജെ. ലൂക്കോസ് എന്നിവരുടെ അർധകായ പ്രതിമകളാണ് നാടിന് സമർപ്പിച്ചത്. ഉഴവൂർ ഒഎൽഎൽ ഹയർ സെക്കൻഡറി സ്കൂളിൽ പണിതീർത്ത ഇ.ജെ. ലൂക്കോസ് സ്മാരക ഫ്ളഡ്ലിറ്റ് സ്റ്റേഡിയം സമർപ്പണവും നടത്തി.
മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. സ്റ്റേഡിയം പി.ജെ. ജോസഫ് എംഎൽഎയും വാക്ക് വേ മാണി സി. കാപ്പൻ എംഎൽഎയും ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി.
കോട്ടയം അതിരൂപത വികാരി ജനറാൾ റവ.ഡോ. തോമസ് ആനിമൂട്ടിൽ, ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, മുൻ എംപി തോമസ് ചാഴികാടൻ, കെ.സി. ജോസഫ്, വികാരി ഫാ. അലക്സ് ആക്കപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ, പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് കെ.എം. തങ്കച്ചൻ, കെ.എം. ജോസഫ് അഞ്ചക്കുന്നത്ത്, സെനിത്ത് ലൂക്കോസ്, സജോ സൈമൺ എന്നിവർ പ്രസംഗിച്ചു.