ക്രൈസ്തവരെ ആക്ഷേപിക്കാന്‍ ആസൂത്രിത നീക്കം: ഫ്രാന്‍സിസ് ജോര്‍ജ് എംപി
1540315
Sunday, April 6, 2025 11:52 PM IST
കോട്ടയം: രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷത്തെ പ്രത്യേകിച്ച്, കത്തോലിക്കാ സഭയെ സാമ്പത്തികമായും വിശ്വാസപരമായും തകര്‍ക്കാനും ആക്ഷേപിക്കാനുമുള്ള ആസൂത്രിത നീക്കമാണ് ആര്‍എസ്എസ് മുഖപത്രത്തിലെ ലേഖനത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ഫ്രാന്‍സിസ് ജോര്‍ജ് എംപി. ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ വന്ന വാര്‍ത്ത വസ്തുതകളുമായി പുലബന്ധംപോലും ഇല്ലാത്തതാണ്.
കത്തോലിക്കാ സഭയ്ക്ക് ബ്രിട്ടീഷ് ഭരണകാലത്ത് വലിയ തോതില്‍ ഭൂമി സൗജന്യമായി സര്‍ക്കാര്‍ നല്കി എന്നുള്ള പരാമര്‍ശം യാതൊരു അടിസ്ഥാനവുമില്ലാത്ത പ്രചാരണമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. സഭയുടെ സ്വന്തുക്കള്‍ എല്ലാം വിലകൊടുത്ത് നിയമപരമായി വാങ്ങിയിട്ടുള്ളതും മതിയായ രേഖകള്‍ ഉള്ളതുമാണ്. ഈ സ്ഥലങ്ങളില്‍ ആശുപത്രികള്‍, സ്കൂളുകള്‍, കോളജുകള്‍, വിവിധ ആതുരാലയങ്ങള്‍ എന്നിവയെല്ലാമാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പുരോഗതിയില്‍ ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തിന്റെ പങ്ക് വളരെ വലുതാണ്. അതോടൊപ്പം ഇന്ത്യയുടെ പിന്നോക്ക പ്രദേശങ്ങളിലും ദളിത് ആദിവാസി മേഖലകളിലും നടത്തിവരുന്ന സേവനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭകളെ പ്രത്യേകിച്ച്, കത്തോലിക്കാ സഭയെ ആക്ഷേപിക്കുന്ന രീതിയില്‍ പ്രതികരണങ്ങള്‍ നടത്തുന്നതില്‍നിന്ന് ആര്‍എസ്എസ് നേതൃത്വം പിന്തിരിയണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു.