വനംവകുപ്പിന്റെ നഷ്ടപരിഹാരം കിട്ടിയാല്‍ കിട്ടി...
1540311
Sunday, April 6, 2025 11:52 PM IST
കോട്ടയം: വന്യജീവി ആക്രമണത്തിലെ പരിക്കിനും കൃഷിനാശത്തിനുമുള്ള നഷ്ടപരിഹാര വിതരണം പ്രസഹനം. ഫയല്‍ക്കെട്ടില്‍ കുരുങ്ങിയ അപേക്ഷകള്‍ എത്രയെന്നതിനു വനംവകുപ്പിനും ഉത്തരമില്ല.
മുടന്തന്‍ ന്യായങ്ങള്‍ നിരത്തി നഷ്ടം നല്കാതിരിക്കുകയോ വൈകിക്കുകയോ ചെയ്യുന്നതാണ് കാടന്‍ നയം. ജീവഹാനിയുണ്ടായാല്‍ ആശ്രിതര്‍ക്ക് രണ്ടു ഗഡുക്കളായി പത്തുലക്ഷം രൂപയ്ക്ക് അവകാശമുണ്ട്. രണ്ടാം ഗഡുവായി അഞ്ചു ലക്ഷം കിട്ടാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പു വേണ്ടിവരും.
സ്ഥിരം അംഗഭംഗത്തിന് രണ്ടു ലക്ഷവും പരിക്കിന് ഒരു ലക്ഷവുമാണ് പ്രഖ്യാപനം. പരിക്കേറ്റ് ജോലി ചെയ്യാനാവാതെ വന്നവരില്‍ നയാപൈസ കിട്ടാത്തവര്‍ ജില്ലയില്‍ പലരുണ്ട്. ആശുപത്രി രേഖകളും മെഡിക്കല്‍ റിപ്പോര്‍ട്ടും അപര്യാപ്തമെന്നതാണ് വനംവകുപ്പിന്റെ വിശദീകരണം.
വനത്തിലോ പുറത്തോ പാമ്പുകടിയേറ്റാലോ മരണം സംഭവിച്ചാലോ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്. വനത്തിനു പുറത്ത് പാമ്പുകടിയേറ്റു മരിച്ചാല്‍ രണ്ടു ലക്ഷം രൂപയ്ക്ക് അര്‍ഹതയുണ്ട്. എന്നാല്‍ തുക ലഭിച്ചവര്‍ വിരളം. കൃഷിനാശം, വീട്, കന്നുകാലി നഷ്ടം എന്നിവയ്ക്ക് ഒരു ലക്ഷം വരെയും. ഇത്തരത്തില്‍ അപേക്ഷ നല്കുന്ന ഏറെപ്പേര്‍ക്കും പണം ലഭിക്കാറില്ല.
കടന്പകൾ നിരവധി
ജീവഹാനി സംഭവിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളിലും മറ്റു നഷ്ടങ്ങള്‍ക്ക് ആറു മാസത്തിനുള്ളിലും അപേക്ഷ നല്‍കണം. പലപ്പോഴും ഇതു സംബന്ധിച്ച മെഡിക്കല്‍ രേഖകള്‍ ഏറെപ്പേരും സൂക്ഷിച്ചിട്ടുണ്ടാവില്ല. ചെലവ് അനുവദിക്കുന്നതിന് അപേക്ഷകന് നല്കിയ ചികിത്സയും ചെലവായ തുകയും സംബന്ധിച്ച് സര്‍ക്കാര്‍ സിവില്‍ സര്ജന് റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെ സാക്ഷ്യപത്രം വേണമെന്നായിരുന്നു ചട്ടം. എന്നാല്‍ നിലവില്‍ രണ്ടു ലക്ഷംവരെ ലഭിക്കുന്നതിന് ചികിത്സിച്ച രജിസ്റ്റേർഡ് മെഡിക്കല്‍ പ്രാക്ടീഷണറോ സര്‍ക്കാര്‍ മെഡിക്കല്‍ ഓഫീസറോ സാക്ഷ്യപ്പെടുത്തിയാല്‍ മതി.
പാമ്പുകടിയേറ്റാല്‍ തൊട്ടടുത്ത ആശുപത്രിയില്‍ ചികിത്സ തേടുകയാണ് പതിവ്. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ചികിത്സ സംബന്ധിച്ച സാക്ഷ്യപത്രം നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. ഇത്തരത്തില്‍ സാക്ഷ്യപത്രം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിലപാട് സ്വീകരിച്ചതോടെയാണ് ഇളവ് നല്‍കിയത്.
പരിക്കിന് വനംവകുപ്പിന് പരമാവധി നല്കാവുന്നത് ഒരു ലക്ഷം രൂപയാണ്. പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് ചികിത്സാച്ചെലവ് മുഴുവന്‍ തിരികെ നല്‍കും. സ്ഥായിയായ അംഗ വൈകല്യമുണ്ടായാല്‍ രണ്ട് ലക്ഷം രൂപവരെ ലഭിക്കും. എന്നാല്‍ അംഗവൈകല്യത്തിന്റെ തോത് എത്രയെന്ന് നിര്‍ണയിക്കാന്‍ വനംവകുപ്പിന് ചട്ടക്രമമില്ല. കിടപ്പിലായിപ്പോകുന്നവരെ മാത്രമേ അംഗവൈകല്യ പരിധിയില്‍ പെടുത്തുന്നുള്ളൂ.
തേനീച്ച-കടന്നല് ആക്രമണത്തില്‍ വനത്തിനുള്ളിലെ ജീവഹാനിക്ക് പത്തു ലക്ഷം രൂപയും വനത്തിനു പുറത്തെ ജീവഹാനിക്ക് രണ്ടു ലക്ഷം രൂപയും അനുവദിക്കും. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ തൃപ്തികരമല്ലെന്നു കാണിച്ച് അപേക്ഷകള്‍ നിരസിക്കുക പതിവാണ്. കൃഷിനാശത്തിന് നയാ പൈസ വനംവകുപ്പ് നഷ്ടപരിഹാരം നല്‍കാറില്ല. ഇത്തരത്തില്‍ കോടികളുടെ കൃഷിനഷ്ടമാണ് മലയോരമേഖലയില്‍ തുടരുന്നത്. നഷ്ടം തിട്ടപ്പെടുത്താന്‍ വിളിച്ചാല്‍ വനപാലകര്‍ എത്തില്ലെന്നാണ് കര്‍ഷകരുടെ പരാതി.
വാക്കു പറഞ്ഞു പറ്റിക്കരുതേ...
കോട്ടയം: പെരുവന്താനം ചെന്നാപ്പാറയ്ക്കുസമീപം കൊമ്പന്‍പാറ നെല്ലിവിള പുത്തന്‍വീട്ടില്‍ സോഫിയ ഇസ്മായില്‍ (45) കാട്ടാനയുടെ ചവിട്ടേറ്റു മരിച്ചിട്ട് രണ്ടു മാസമാകുന്നു. മൃതദേഹം സംഭവസ്ഥലത്തുനിന്നു മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ നടത്തിയ പ്രക്ഷോഭത്തെത്തുടര്‍ന്ന് അര്‍ധരാത്രി സ്ഥലത്തെത്തിയ ജല്ലാ കളക്ടര്‍ മൂന്ന് ഉറപ്പുകള്‍ നല്കി.
പത്തു ലക്ഷം രൂപ നഷ്ടപരിഹാരം, ശാരീരിക ന്യൂനതയുള്ള മകള്‍ക്ക് ജോലി, സുരക്ഷിതസ്ഥലത്ത് പുനരധിവാസം എന്നീ ഉറപ്പുകള്ക്കുശേഷമാണ് മൃതദേഹം എടുക്കാന്‍ അനുവദിച്ചത്. ഒന്നാം ഗഡുവായി അഞ്ചു ലക്ഷം രൂപ നല്കിയതല്ലാതെ മറ്റ് ഉറപ്പുകളൊന്നും നടപ്പായില്ല. ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റുകാര്‍ ഇസ്മായിലിനും മക്കള്‍ക്കും താമസിക്കാന്‍ ഒരു പഴയ ലയം നല്‍കിയിട്ടുണ്ട്. രണ്ടാം ഗഡു അഞ്ചു ലക്ഷവും മറ്റ് വാഗ്ദാനങ്ങളും പാലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ഇസ്മായില്‍ ഇടുക്കി ജില്ലാ കളക്ടറെ സമീപിക്കുകയാണ്.