ഒഡീഷയിൽ മലയാളിവൈദികനെ ആക്രമിച്ചതിൽ പ്രതിഷേധമറിയിച്ച് ജയ്ഗിരി ക്രിസ്തുരാജ ഇടവക
1540277
Sunday, April 6, 2025 10:39 PM IST
കുറവിലങ്ങാട്: ഒഡീഷയിൽ അകാരണമായി മലയാളിവൈദികനെ മർദിച്ച സംഭവത്തിൽ പ്രതിഷേധമറിയിച്ച് മാതൃ ഇടവക. ഒഡീഷയിലെ ബെർഹാംപുർ ജൂബ ഇടവക വികാരി ഫാ. ജോഷി വലിയകുളത്തിനെ മർദിച്ച സംഭവത്തിലാണ് ജയ്ഗിരി ക്രിസ്തുരാജ ഇടവക പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.
വികാരി ഫാ. തോമസ് മലയിൽപുത്തൻപുരയുടെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് ഇടവക പ്രതിഷേധമറിയിച്ചത്. സെക്രട്ടറി ഡൊമിനിക് സാവിയോ പ്രമേയം അവതരിപ്പിച്ചു. അകാരണമായി നടത്തിയ ആക്രമണം കരുതിക്കൂട്ടിയുള്ളതാണെന്ന് യോഗം ആരോപിച്ചു. സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെയും പാവങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മിഷനറിമാരെ അക്രമിക്കുന്ന മതമൗലികവാദികളുടെ പ്രവർത്തനം ആവർത്തിക്കപ്പെടരുതെന്ന് യോഗം മുന്നറിയിപ്പ് നൽകി. മതിയായ അന്വേഷണത്തിന് നിർദേശം നൽകാൻ കേരള സർക്കാരും നടപടികൾക്ക് നേതൃത്വം നൽകാൻ ഒഡീഷ സർക്കാരും തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
മിഷന്‍ലീഗ് രൂപത സമിതി
പ്രതിഷേധിച്ചു
ഭരണങ്ങാനം: ജബല്‍പുരിലും ഒഡീഷയിലും വൈദികര്‍ ആക്രമണത്തിനിരയായ സംഭവത്തില്‍ പ്രതിഷേധിച്ച് ചെറുപുഷ്പ മിഷന്‍ലീഗ് പാലാ രൂപത പ്രതിഷേധയോഗം സംഘടിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പുരില്‍ വിവിധ പള്ളികളിലേക്ക് തീര്‍ഥാടനം നടത്തുന്നതിനിടെ കത്തോലിക്കാ വൈദികര്‍ ഉള്‍പ്പടെയുള്ള സംഘം ആക്രമണത്തിനിരയായ സംഭവത്തെയും ഒഡീഷയിലെ ആക്രമണത്തെയും ചെറുപുഷ്പ മിഷന്‍ലീഗ് പാലാ രൂപത സമിതി അപലപിച്ചു.
ന്യൂനപക്ഷ വിദ്വേഷവും ഹിംസയും കേന്ദ്രസര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്ന് രൂപത സമിതി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഘപരിവാര്‍ അഴിഞ്ഞാട്ടത്തെ അനുകൂലിക്കുന്ന ഭരണകൂട നിലപാട് തീര്‍ത്തും അപലപനീയമാണെന്നും യോഗം വിലയിരുത്തി. ഇത് മതേതരത്വത്തിനും ജനാധിപത്യമൂല്യങ്ങള്‍ക്കും എതിരേയുള്ള കടന്നുകയറ്റമാണെന്നും ന്യൂനപക്ഷ അവകാശങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യോഗം നിരീക്ഷിച്ചു.
മിഷന്‍ലീഗ് രൂപത ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ഡോ. ജോബിന് ടി. ജോണി അധ്യക്ഷത വഹിച്ചു. രൂപത വൈസ് ഡയറക്ടര്‍ സിസ്റ്റർ ഡോ. മോനിക്ക എസ്എച്ച്, രൂപത സെക്രട്ടറി ഡോ. ടോം ജോസ് ഒട്ടലാങ്കല്‍, രൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനോയി പള്ളിപ്പറമ്പില്‍, ബെന്നി മുത്തനാട്ട്, തോമസ് അടപ്പുകല്ലുങ്കല്, ജോബി അലക്സ് ആലയ്ക്കാപ്പറമ്പില്‍, ജസ്റ്റിന് വയലില്‍, മനു അഗസ്റ്റിന് മാളികപ്പുറത്ത്, സോബിച്ചന് ചൊവ്വാറ്റുകുന്നേല്‍, ലിന്റു ടോമി, റോയി മലയില്‍, ഷൈനി കിണറ്റുകര എന്നിവര്‍ പ്രസംഗിച്ചു.