വന്‍ ജനപങ്കാളിത്തത്തിൽ ലഹരിവിരുദ്ധ മഹാസമ്മേളനം
1540276
Sunday, April 6, 2025 10:39 PM IST
പാലാ: പാലാ രൂപത കെസിബിസി മദ്യ, ലഹരിവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ളാലം പഴയപള്ളി പാരിഷ് ഹാളില്‍ ഇന്നലെ സംഘടിപ്പിച്ച മദ്യ, ലഹരിവിരുദ്ധ മഹാസമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തം. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്തത്. രൂപതയുടെ എല്ലാ ഇടവകകളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത മഹാസമ്മേളനത്തില്‍ സമ്പൂര്‍ണ യൂണിറ്റ് പ്രഖ്യാപനവും നടത്തി.
യുവതലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരേ പോരാടാന്‍ 171 ഇടവകകളിലും മദ്യവിരുദ്ധസമിതിയുടെ യൂണിറ്റുകള്‍ ആരംഭിച്ചു. മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളും രണ്ടു യുവാക്കളും രണ്ടു യുവതികളും അടങ്ങുന്നതാണ് യൂണിറ്റ്. ഓരോ യൂണിറ്റിനും രണ്ടു കോ-ഓര്‍ഡിനേറ്റര്‍മാരെയും തെരഞ്ഞെടുത്തു. ലഹരിവിരുദ്ധ ബോധവത്കരണവും പോരാട്ടവും പൂര്‍വാധികം ശക്തമാക്കാനാണ് തീരുമാനം. അതത് പ്രദേശങ്ങളില്‍ നടക്കുന്ന ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നിയമപാലകരെ അറിയിക്കാനും വേണ്ട മുന്‍കരുതല്‍ സ്വീകരിക്കാനും പ്രവര്‍ത്തകര്‍ക്കു സാധിക്കും.
രൂപത പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രൂപത ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. മാണി കൊഴുപ്പന്‍കുറ്റി, ഫാ. ജോസഫ് അരിമറ്റം, സാബു ഏബ്രഹാം, ആന്റണി മാത്യു, ജോസ് കവിയില്‍, അലക്സ് കെ. ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.