ആനക്കല്ല് കോഴികൊത്തിപ്പാലം നിർമാണോദ്ഘാടനം
1516133
Friday, February 21, 2025 12:00 AM IST
കാഞ്ഞിരപ്പള്ളി: ആനക്കല്ല് കോഴികൊത്തിപ്പാലം പൊളിച്ചുനീക്കി പുതിയ പാലം വീതികൂട്ടി നിർമിക്കുന്നതിനായി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാല്‍നടയാത്രക്കാര്‍ക്കായി താത്കാലിക പാലം നിര്‍മിച്ചിട്ടുണ്ട്. ഡോ.എന്‍. ജയരാജ് എംഎല്‍എയുടെ ഫണ്ടില്‍നിന്ന് അനുവദിച്ച 32.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ പാലം നിര്‍മിക്കുന്നത്. ആറു മീറ്റര്‍ വീതിയിലും ഒന്‍പതു മീറ്റര്‍ നീളത്തിലുമാണ് പുതിയ പാലം നിര്‍മിക്കുന്നത്.
ആനക്കല്ല് തോടിന് കുറുകേ എറികാട് ഭാഗത്തേക്ക് പോകുന്നതിനായി 1958ലാണ് ഈ പാലം നിര്‍മിക്കുന്നത്. പഞ്ചായത്തില്‍നിന്ന് ഫണ്ട് അനുവദിച്ച് നിര്‍മിച്ച പാലത്തിന്റെ നിര്‍മാണം പാതിവഴിയിലായതോടെ സാമൂഹിക പ്രവര്‍ത്തകനായ മടുക്കക്കുഴി എം.ജെ. ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പണം കണ്ടെത്തിയാണ് പാലത്തിന്റെയും റോഡിന്റെയും നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. 67 വര്‍ഷത്തിന് ശേഷം പുതിയ പാലം നിര്‍മിക്കുന്നതിനായി എം.ജെ. ഫ്രാന്‍സിസിന്റെ മകനും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജോളി മടുക്കക്കുഴി, പഞ്ചായത്തംഗങ്ങളായ ബിജു ചക്കാല, വി.എന്‍. രാജേഷ് എന്നിവരുടെ ആവശ്യപ്രകാരമാണ് പുതിയ പാലത്തിന് ഫണ്ട് അനുവദിച്ച് നിര്‍മാണം ആരംഭിച്ചത്.
പാലത്തിന്റെ നിര്‍മാണോദ്ഘാടനം 23നു വൈകുന്നേരം അഞ്ചിന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിർവഹിക്കും. കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍നിന്ന് എറികാട് ഭാഗത്തേക്ക് പോകുന്നത് ഉപയോഗിക്കുന്നതായിരുന്നു പാലം.