യുവജനങ്ങൾക്കും കുട്ടികൾക്കും ദുരന്ത ലഘൂകരണ, വാട്ടർ റെസ്ക്യു, കയാക്കിംഗ് പരിശീലന പരിപാടി
1516076
Thursday, February 20, 2025 6:38 AM IST
കാഞ്ഞിരപ്പള്ളി: മണിമല പഞ്ചായത്തിന്റെ 2024-25 വർഷത്തെ ദുരന്ത ലഘൂകരണ പദ്ധതിയിൽ ഉൾപ്പെടുത്തി കുട്ടികൾക്കും യുവജനങ്ങൾക്കും പ്രയോജനകരമാകുന്ന വിധത്തിൽ കേരള ഫയർ ആൻഡ് റെസ്ക്യു വകുപ്പിന്റെ സഹകരണത്തോടെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 21, 22 തീയതികളിൽ വാട്ടർ റെസ്ക്യു, ദുരന്ത ലഘൂകരണ പരിശീലന പരിപാടി നടത്തും.
പഞ്ചായത്ത് പരിധിയിലുള്ള എച്ച്എസ്, എച്ച്എസ്എസിലുള്ള കുട്ടികൾക്കും കൂടാതെ യുവജനങ്ങൾക്കും പ്രയോജനകരമാവുന്ന കയാക്കിംഗ്, കമാൻഡോ നെറ്റ് ക്ലൈബിംഗ്, റിവർ ക്രോസിംഗ് എന്നിവയിൽ പ്രയോഗിക പരിശീലനം നൽകും.
ഇന്ത്യൻ എയർഫോഴ്സ് റിട്ടയേർഡ് വിംഗ് കമാൻഡർ യു.കെ. പാലാട്ടിന്റെയും അസിസ്റ്റന്റ് ഇൻസ്ട്രക്ടറും വാട്ടർ സ്പോർട്ട്സ് ഓപ്പറേറ്ററുമായ ബിനു പെരുമനയുടെയും നേതൃത്വത്തിൽ ടെൻസിംഗ് നേച്ചർ ആൻഡ് അഡ്വഞ്ചർ ക്ലബ്ബാണ് പരിശീലനത്തിനുവേണ്ട സങ്കേതിക സഹകരണം നൽകുന്നത്.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കറിക്കാട്ടൂർ ഗവൺമെന്റ് എൽപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സിറിൽ തോമസ്, വൈസ് പ്രസിഡന്റ്, മെംബർമാർ എന്നിവരുടെ സാന്നിധ്യത്തിൽ പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് വാട്ടർ റെസ്ക്യു ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും ഉണ്ടാവും.
22നു രാവിലെ ഒന്പതു മുതൽ മണിമല പാലത്തിന് സമീപം പഴയിടം റോഡിൽ കൊച്ചു മിനി ട്രാൻസ്ഫോർമർപടിക്ക് സമീപമുള്ള കടവിൽ പരിശീലന പരിപാടി ആരംഭിക്കും.
പന്ത്രണ്ട് വയസിനു മുകളിലുള്ള കുട്ടികൾക്ക് രക്ഷിതാവിന്റെ സമ്മതപത്രം സഹിതം പങ്കടുക്കാൻ കഴിയും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പഞ്ചായത്ത് സർട്ടിഫിക്കറ്റ് നൽകും.