വലവൂര്‍ ഹില്‍സിലെ കാമ്പസില്‍ ഇന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് എത്തും
1516441
Friday, February 21, 2025 11:47 PM IST
കോട്ടയം: ഇന്ത്യയില്‍ പിപിഇ മോഡലിലുള്ള 23 ട്രിപ്പിൾ ഐടികളില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ മുന്നേറ്റം നടത്തുകയും രാജ്യത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പഠനത്തിനായി കൂടുതല്‍ വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന സ്ഥാപനമായി മാറിയിരിക്കുകയാണ് പാലായ്ക്കു സമീപം വലവൂരിലുള്ള കോട്ടയം ട്രിപ്പിള്‍ ഐടി. ഇവിടത്തെ ആറാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് ഇന്നു വൈകുന്നേരം 4.30ന് കാമ്പസില്‍ എത്തും.
30 കുട്ടികളുമായി
ആരംഭം
2015ല്‍ 30 കുട്ടികളുമായി ആരംഭിച്ച സ്ഥാപനം ഇന്ന് 1700 കുട്ടികള്‍ യുജി പ്രോഗ്രാമിനു പഠിക്കുന്ന രാജ്യത്തെ ഒന്നാംനിര ദേശീയ പ്രാധാന്യമുള്ള ഉന്നത വിദ്യാഭ്യാസകേന്ദ്രമായി മാറി. ബിടെക് കംപ്യൂട്ടര്‍ സയന്‍സ്, സൈബര്‍ സെക്യൂരിറ്റീസ്, എആര്‍ ഡേറ്റ, ഇലക്ട്രോണിക്സ് എന്നീ കോഴ്സുകളാണുള്ളത്. ജോലി ചെയ്യുന്നവര്ക്കായിട്ടുള്ള എംടെക് പ്രോഗ്രാമും നടത്തുന്നു.
270 വര്‍ക്കിംഗ് പ്രഫഷണലുകൾ ഈ കോഴ്സില്‍ പഠിക്കുന്നു. പാര്‍ലമെന്റിന്റെ പ്രത്യേക ആക്ട് പ്രകാരം രൂപപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളാണ് ട്രിപ്പിള്‍ ഐടി ഉള്‍പ്പെടെയുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍. ഈ സ്ഥാപനത്തിന്റെ പരമോന്നത അധികാരി ഇന്ത്യന്‍ പ്രസിഡന്റാണ്. ജെഇ മെയിന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവിടെ അഡ്മിഷന് നടത്തുന്നത്.
അതിശയിപ്പിക്കുന്ന
വളര്‍ച്ച
മറ്റുള്ള ട്രിപ്പിള്‍ ഐടികളില്‍ നിന്നും വളരെ വലിയ വളര്‍ച്ചയാണ് 10 വര്‍ഷത്തിനിടയില്‍ വലവൂര്‍ ട്രിപ്പിള്‍ ഐടിക്കുണ്ടായിട്ടുള്ളത്. 2019ലാണ് കാമ്പസ് പൂര്‍ണ സജ്ജമായത്. രണ്ടായിരത്തോളം കുട്ടികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കുന്നതിനുളള സൗകര്യമുണ്ട്. ബിടെക്, എംടെക് കോഴ്സുകള്‍ക്ക് പുറമേ 120 ആളുകള്‍ കംപ്യൂട്ടര്‍ സയന്‍സിലും ഇലക്്ട്രോണിക്സിലും ഗവേഷണവും നടത്തുന്നു.
ആറാമത്തെ ബിരുദദാനചടങ്ങാണ് ഇന്ന് നടക്കുന്നത്. 217 യുജി വിദ്യാര്‍ഥികള്‍ക്കും 55 പിജി വിദ്യാര്‍ഥികള്‍ക്കും അഞ്ച് ഗവേഷകര്‍ക്കും ബിരുദം സമ്മാനിക്കും. 90 അധ്യാപകരും അമ്പതിലധികം അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 55 ഏക്കറുള്ള കാമ്പസ് ഫുള്‍ റെസിഡന്‍ഷ്യല്‍ കാമ്പസാണ്.
1500 കുട്ടികള്‍ക്ക് താമസിക്കുന്നതിനുള്ള ഹോസ്റ്റലും ഹൈടെക് ക്ലാസ് റൂമുകളുമാണുള്ളത്. 270 യുജി കോഴ്സ് കുട്ടികളില്‍ 170 കുട്ടികള്‍ക്ക് കാന്പസ് പ്ലേസ്മെന്റ് ലഭിച്ചു. രാജ്യാന്തര യുണിവേഴ്സിറ്റികളുമായി ഐഐഐടിക്ക് ധാരണാ പത്രവുമുണ്ട്. അഡ്മിഷന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുന്നു. ഗവേഷാകാത്മകമായതും വ്യാവസായിക പ്രാധാന്യമുള്ളതുമായ കരിക്കുലമാണ് സ്വയംഭരണ സ്ഥാപനമായ ഇവിടെയുള്ളത്. നിരവധി വിദേശ ഫെലോഷിപ്പുകള്‍ ഇതിനോടകം ഇവിടത്തെ കുട്ടികള്‍ക്ക് ലഭിച്ചുകഴിഞ്ഞു.
പ്രധാനമായും ഐടി, എന്ബിൽഡ് മേഖലകളില്‍ ഊന്നല്‍ നല്കുന്ന ഈ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി മികച്ച ശമ്പളത്തോടെ തൊഴില്‍ അവസരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി ഇന്ത്യയിലുടനീളമുള്ള വിദ്യാര്‍ഥികള്‍ക്കിടയില്‍ ഐഐഐടി കോട്ടയം പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയതായി രജിസ്ട്രാര്‍ ഡോ. എം. രാധാകൃഷ്ണന് അറിയിച്ചു.
ഗ്രാമീണ അന്തരീക്ഷം
പാലായ്ക്കു സമീപം കരൂര്‍ പഞ്ചായത്തിലെ വലവൂരില്‍ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലാണ് ട്രിപ്പിള്‍ ഐടി സ്ഥിതി ചെയ്യുന്നത്. പാലാഴി ടയര്‍ ഫാക്ടറിക്കുവേണ്ടി ഏറ്റെടുത്ത സ്ഥലമാണ് ട്രിപ്പിള്‍ ഐടിക്കായി കൈമാറിയത്. പാലാ-വലവൂര്‍ റോഡില്‍ നിന്നും പാലാ-രാമപുരം റോഡില്‍ നിന്നും ഇവിടേക്ക് വഴിയുണ്ട്.
ട്രിപ്പിള്‍ ഐടിയോടു ചേര്‍ന്നുതന്നെയാണ് പ്രകൃതി രമണീയമായ കുടക്കച്ചിറ സെന്റ് തോമസ് മൗണ്ടും സ്ഥിതി ചെയ്യുന്നത്. ട്രിപ്പിള്‍ ഐടിയുടെ തുടക്കത്തോടെ കരൂര്‍ പഞ്ചായത്തും വലവൂര്‍ പ്രദേശവും ചെറിയ ടൗണ്‍ഷിപ്പായി മാറിക്കൊണ്ടിരിക്കുകയാണ്. റോഡ് ഗതാഗതം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ പുരോഗതി ഇതിനോടകം ഇവിടെയുണ്ടായി ക്കഴിഞ്ഞു. ഹോസ്റ്റലുകളും ഹോം സ്റ്റേകളുമായി തദ്ദേശീയമായ വികസനവും പ്രദേശത്തുണ്ടായി.
സൈബര്‍ കമാന്‍ഡോസ്
ട്രെയിനിംഗ് കേന്ദ്രം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പാരാമിലിട്ടറി, പോലീസ് വിഭാഗങ്ങള്‍ക്കായി സൈബര്‍ സെക്യൂരിറ്റിയില്‍ വിദഗ്ധ പരിശീലനത്തിനുള്ള കേന്ദ്രവും കോട്ടയം ട്രിപ്പിള്‍ ഐടിയാണ്. ഐഐടി മദ്രാസ്, കാണ്‍പൂര്‍ എന്നിവയ്ക്കൊപ്പം എട്ടു കേന്ദ്രങ്ങളിലൊന്നായിട്ടാണ് കോട്ടയം ട്രിപ്പിള്‍ ഐടിയെയും പരിശീലനത്തിനുള്ള കേന്ദ്രമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയൊട്ടാകെ 30,000 പേര്‍ക്കു ട്രെയിനിംഗ് നല്‍കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പ്രത്യേക ടാസ്ക് ഫോഴ്സ് ടീമാണ് മൂന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 30 അംഗ ടീം അഞ്ചു മാസമായി ഇവിടെ പരിശീലനം തേടിവരുന്നു. കേരള പോലീസിന്റെ സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട പരിശീലനവും ഇവിടെയാണ് നടക്കുന്നത്. സൈബര്‍ കമാന്‍ഡോസ് ട്രെയിനിംഗില്‍ ഇതിനോടകം ട്രിപ്പിള്‍ ഐടി പേരെടുത്തു കഴിഞ്ഞിട്ടുണ്ട്.