മലയാളി പൈലറ്റ് തിങ്കൾ തരകൻ എരുമേലിക്ക് അഭിമാനം
1516477
Friday, February 21, 2025 11:48 PM IST
എരുമേലി: തീരസുരക്ഷയുടെ കരുത്തറിയിച്ച് ആദ്യമായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പ്രദർശനമായി ഡോണിയർ (ഡോ– 228) വിമാനം പറന്നുയർന്നു. ഒപ്പം അഭിമാനമായി മാറി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പൈലറ്റായ എരുമേലി സ്വദേശി.
കഴിഞ്ഞ ദിവസം എയ്റോ ഇന്ത്യയുടെ ഉദ്ഘാടന വേദിയിൽ ആദ്യമായി ഡോണിയർ (ഡോ– 228) വിമാനം പറത്തിയ മലയാളി പൈലറ്റ് ആണ് കമാൻഡന്റ് തിങ്കൾ തരകൻ. എരുമേലി അത്തിമൂട്ടിൽ കുടുംബാംഗമായ തിങ്കൾ തരകൻ ഇപ്പോൾ വാർത്തയിൽ നിറഞ്ഞു കൊണ്ടിരിക്കുമ്പോൾ അഭിമാനമേറുകയാണ് സ്വന്തം നാടായ എരുമേലിയിൽ. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിലാണ് ആദ്യമായി ഡോണിയർ (ഡോ– 228) വിമാനം ഒരു പ്രദർശനത്തിൽ പങ്കെടുത്തത്.
എയ്റോ ഇന്ത്യ ഉദ്ഘാടന ദിനത്തിലെ ഫ്ലൈ പാസ്റ്റിൽ പറന്ന ഈ വിമാനം ഇതോടെ ഇനി പ്രദർശനങ്ങളിൽ സജീവമാകുമെന്ന് ഏഴു വർഷമായി ഇതു പറത്തുന്ന പൈലറ്റായ തിങ്കൾ തരകൻ പറഞ്ഞു.
11 വർഷം മുന്പ് കോസ്റ്റ് ഗാർഡിൽ ചേർന്ന തിങ്കൾ ഏഴ് വർഷം കൊച്ചിയിലായിരുന്നു. 2018ലെ പ്രളയകാലത്തും മുണ്ടക്കൈ - ചൂരൽമല ദുരന്തത്തിലും ദുരിതാശ്വാസ മേഖലയിൽ ഡോണിയർ പറത്തി. ദമൻ താവളത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. സമുദ്രത്തിലെ ദുരന്ത രംഗങ്ങളിലും നിരീക്ഷണ രംഗത്തും പ്രവർത്തിക്കുന്ന റഡാർ കണ്ണുകളോടെയുള്ള ഈ വിമാനം തീവ്രപരിചരണ സംവിധാനമുള്ള മെഡിക്കൽ ആംബുലൻസായും ഉപയോഗിച്ചു വരുന്നു. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ റഷ്യയുടെ സു-57, യുഎസിന്റെ എഫ് -35 തുടങ്ങിയവയൊക്കെ വാഴുന്ന യെലഹങ്ക വ്യോമസേനയുടെ ആകാശത്ത് ഇനി ഡോണിയറും പ്രകടനങ്ങളുടെ ഭാഗമാകും.
മലയാളി കമാൻഡന്റ് തിങ്കൾ തരകൻ ഉൾപ്പെടെ 12 അംഗസംഘമാണ് എയ്റോ ഇന്ത്യയിൽ പങ്കെടുക്കാനെത്തിയത്. കോസ്റ്റ്ഗാർഡ് രൂപവത്കൃതമായി 50ാം വർഷത്തിലേക്ക് അടുക്കുമ്പോഴാണ് ആദ്യമായി എയ്റോ ഇന്ത്യയിൽ പങ്കെടുക്കുന്നത്. തീര സംരക്ഷണത്തിന് ഉപയോഗിക്കുന്ന ഈ വിമാനത്തിൽ 360 ഡിഗ്രി റഡാർ സംവിധാനമുണ്ട്. മെഡിക്കൽ ഇവാക്വേഷൻ, ലഹരിമരുന്നുകൾ തടയൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഈ വിമാനം ഉപകരിക്കും.