ജനറല്‍ ആശുപത്രി ഒപിയിലെ രോഗികളുടെ ക്യൂ നീളുന്നു; മാനേജ്മെന്റ് കമ്മിറ്റി ചര്‍ച്ച ചെയ്യുമോ?
1516424
Friday, February 21, 2025 7:28 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രി ഒപിയിലെ ക്യൂവിന്റെ നീളം കൂടുന്നതെന്തുകൊണ്ട്? വിഷയത്തിന് ഇന്നു ചേരുന്ന മാനേജ്മെന്റ് കമ്മിറ്റിയില്‍ പരിഹാരമാകുമോ. ഇതു ചോദിക്കുന്നത് മരുന്നു വാങ്ങാനെത്തി ക്യൂനിന്നു മടുക്കുന്ന രോഗികളാണ്.
പഴയ ഒപി കൗണ്ടറിലും പുതിയ ഒപി രജിസ്ട്രഷന് ബ്ലോക്കിലുമാണ് തിരക്കനുഭവപ്പെടുന്നത്. ഒപി രജിസ്ട്രേഷന് ബ്ലോക്ക് കമ്പ്യൂട്ടര്വത്കരിച്ചിട്ടും എന്തുകൊണ്ടാണ് ചികിത്സയ്ക്കെത്തുന്ന രോഗികള്‍ക്കു ദുരിതമുണ്ടാകുന്നതെന്ന ചോദ്യവും ഉയരുന്നുണ്ട്.
കൈക്കുഞ്ഞുങ്ങളുമായിയെത്തുന്ന സ്ത്രീകളും മുതിര്‍ന്ന പൗരന്മാരുംവരെ കൊടിയ വേനല്‍ക്കാലത്ത് ദുരിതപ്പെടുന്നുണ്ട്. ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ അതിനു നടപടി സ്വീകരിച്ച് രോഗികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഇന്നു രാവിലെ 10.30ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ കൃഷ്ണകുമാരി രാജശേഖരന്റെ അധ്യക്ഷതയിലാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം നടക്കുന്നത്.